കൊച്ചി: പി.എൻ പണിക്കരുടെ ഓർമയിൽ കേരളം വായനാ ദിനം ആചരിച്ചപ്പോൾ മലയാള സാഹിത്യത്തിലെ ചോദ്യങ്ങളുമായി ഇടപ്പള്ളി ഹൈസ്‌കൂൾ വിദ്യാർത്ഥികൾ തെരുവിലിറങ്ങി. കാൽനട യാത്രക്കാരോടും കടകളിലുള്ളവരോടും സാഹിത്യ ചോദ്യങ്ങൾ ചോദിച്ച് ശരിയായ ഉത്തരങ്ങൾക്ക് സമ്മാനങ്ങൾ നല്കി കുട്ടികൾ. ഘോഷയാത്രയായാണ് ഇടപ്പള്ളി ജംഗ്ഷനിലെത്തിയത്. ബാന്റുമേളത്തിന്റെ അകമ്പടിയോടെ വിദ്യാർത്ഥികൾ രണ്ടു നിരയായി അണിനിരന്നു നീങ്ങി ചങ്ങമ്പുഴ പാർക്കിന് സമീപം യു.പി സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപക വിദ്യാർത്ഥികളുമായി ചേർന്നു.
ലക്ഷ്മിയും സംഘവും നാടൻ പാട്ടിന്റെ ദൃശ്യാവിഷ്‌ക്കാരം നടത്തി. സഹനാദ് സഹായി കുരീപ്പുഴ ശ്രീകുമാറിന്റെ അമ്മ മലയാളം കവിത അവതരിപ്പിച്ചു. സ്‌കൂളിൽ നടന്ന പരിപാടിയിൽ പി.എൻ പണിക്കരെ കൃഷ്‌ണേന്ദു.കെ.മേനോൻ അനുസ്മരിച്ചു. പി.ടി.എ പ്രസിഡന്റ് അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ലത, ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ശോഭന, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗം അബ്ദുൽ സലാം, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധി അനിൽ പാലത്തിങ്ങൽ എന്നിവർ പ്രസംഗിച്ചു.