കൊച്ചി : പാലാരിവട്ടം ഫ്ളൈ ഓവർ നിർമ്മാണത്തിലെ അഴിമതിക്കും ക്രമക്കേടിനുമെതിരെ യുവമോർച്ച സംഘടിപ്പിച്ച മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മാർച്ച് തടഞ്ഞ പൊലീസ് സംസ്ഥാന പ്രസിഡന്റ് പി.കെ. പ്രകാശ്ബാബുവിനെ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തതിൽ പ്രവർത്തകർ പ്രതിഷേധിച്ചു.
കലൂർ സ്റ്റേഡിയം ജംഗ്ഷനിൽ ആരംഭിച്ച മാർച്ചിന് യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് എ.ജെ., സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത്ത് ചന്ദ്രൻ, വൈസ് പ്രസിഡന്റ് എം. ആശിഷ്, സെക്രട്ടറി അഖിൽ രവീന്ദ്രൻ സംസ്ഥാന സമിതി അംഗങ്ങളായ എസ്. സാജൻ, ശ്രീദേവി വിപിൻ, വിമൽ രവീന്ദ്രൻ, കിള്ളി അനീഷ്, ബി.ജെ.പി നേതാക്കളായ എം.എൻ. ഗോപി, ഉദയകുമാർ, സി.ജി. രാജഗോപാൽ, എസ്. സജി, വി.വി. അനിൽ, ഉല്ലാസ് കുമാർ, ആർ. അരവിന്ദ്, സലീഷ് ചെമ്മണ്ണൂർ, നിധിൻ പള്ളത്ത്, രാജേഷ്, പത്മജമേനോൻ, ബാലു, സ്വരാജ്, എസ്. രമേശ്, രാജേഷ് എന്നിവർ നേതൃത്വം നൽകി.
മാർച്ച് തടഞ്ഞ പൊലീസ് പ്രവർത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്തുനീക്കി. പ്രതിഷേധിച്ച പ്രവർത്തകർ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ഫ്ളൈ ഓവർ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെയും മന്ത്രി ജി. സുധാകരനേയും പ്രതിചേർത്ത് വിജിലൻസ് അന്വേഷിക്കണമെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു ആവശ്യപ്പെട്ടു. നിർമ്മാണം ആർ.ഡി.എസ് കമ്പനിക്ക് കൊടുത്തതിലും പരിശോധിക്കാതിരുന്നതിലും ദുരൂഹതയുണ്ട്. കരാർ നൽകിയത് ശരിയായ രീതിയിലാണോയെന്ന് വിജിലൻസ് അന്വേഷിക്കണം. 5000 രൂപയുടെ വീട്ടുപകരണങ്ങൾ വാങ്ങിയാൽ അഞ്ചു കൊല്ലം ഗ്യാരണ്ടി കിട്ടുന്ന നാട്ടിൽ 52 കോടി മുടക്കിയ 750 മീറ്റർ പാലം രണ്ടുവർഷംകൊണ്ട് തകർന്നടിഞ്ഞതിന്റെ ഗൗരവം ഉൾക്കൊള്ളാൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.