ആലുവ: വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ സി.പി.ഒ സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ ആലുവ ട്രാഫിക് യൂണിറ്റിലെ സി.പി.ഒ എൻ.എ. അജാസ് മരിച്ച വാർത്ത അറിഞ്ഞപ്പോഴും സഹപ്രവർത്തകർക്കെല്ലാം നിസംഗ ഭാവമായിരുന്നു. എന്തിന്റെ പേരിലായാലും സഹപ്രവർത്തകയെ കൊലപ്പെടുത്തിയ ക്രൂരത അംഗീകരിക്കാനാകില്ലെന്ന നിലപാടായിരുന്നു അവർ.
സഹപ്രവർത്തകരോട് സൗഹൃദങ്ങളൊന്നും കാത്തു സൂക്ഷിക്കാത്ത വ്യക്തിയായിരുന്നു അജാസ്. പരിശീലന കാലത്ത് ഒപ്പമുണ്ടായിരുന്ന ബാച്ചിലെ മറ്റ് പൊലീസുകാരോടു പോലും അകലം സൂക്ഷിച്ചിരുന്നു. എന്നാൽ എൽപ്പിക്കുന്ന ജോലി കൃത്യമായി നിർവഹിച്ച് മടങ്ങുന്ന പ്രകൃതമായിരുന്നു അജാസിനെന്ന് ട്രാഫിക് എസ്.ഐ മുഹമ്മദ് കബീർ 'കേരളകൗമുദി'യോട് പറഞ്ഞു.
പൊലീസുകാരിയെ കൊലപ്പെടുത്തിയതോടെയാണ് ഇയാൾ പൈശാചിക ചിന്തയുള്ള ആളായിരുന്നുവെന്ന് സഹപ്രവർത്തകർ തിരിച്ചറിഞ്ഞത്.
വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ജൂൺ 9 മുതൽ അവധിയിലായിരുന്നു. 24 വരെയായിരുന്നു അവധിയെടുത്തിരുന്നത്. അതിന് മുമ്പ് ഒരു മാസത്തിലേറെ മെഡിക്കൽ അവധിയും എടുത്തിരുന്നു. വീട് നിർമ്മാണത്തിൽ അജാസ് കാര്യമായ പങ്കൊന്നും വഹിച്ചിട്ടില്ലെന്നാണ് വിവരം. പൊലീസ് സഹകരണ സംഘത്തിൽ നിന്ന് വായ്പയെടുത്തതിന് പുറമെ അടുത്തിടെ പി.എഫിൽ നിന്നും രണ്ട് ലക്ഷം രൂപയും പിൻവലിച്ചിരുന്നു. ഈ പണമൊന്നും വീട് നിർമ്മാണത്തിന് ചെലവഴിച്ചതായി വിവരമില്ല.
2018 ജൂലായ് മുതലാണ് ആലുവ ട്രാഫിക് സ്റ്റേഷനിൽ സി.പി.ഒയായി അജാസ് എത്തിയത്. അതിന് മുൻപ് വർഷങ്ങളോളം കളമശേരി എ.ആർ. ക്യാമ്പിലായിരുന്നു. തൃശൂർ കെ.എ.പി. ബറ്റാലിയനിൽ വച്ച് അന്ന് സീനിയറായിരുന്ന അജാസ് സൗമ്യയ്ക്ക് പരിശീലനം നൽകിയിരുന്നതായും പറയുന്നു.