കൊച്ചി: വായനാ ദിനത്തിൽ വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരുടെ കൂടിച്ചേരൽ കുരുന്നുകൾക്ക് പുതുമയും ആവേശവുമായി. വെണ്ണല ഗവ. ഹൈസ്‌കൂളിലാണ് വ്യത്യസ്തഭാഷ സംസാരിക്കുന്നവരുടെ സംഗമമൊരുക്കിയത്. 40 ഇതര സംസ്ഥാനകുട്ടികളാണ് സ്‌കൂളിൽ പഠിക്കുന്നത്. ബിഹാറി, ബംഗാളി, ഒഡിഷ, കന്നഡ, മണിപ്പൂരി, തമിഴ്,സംസ്‌കൃതം, അസമിയ, ലക്ഷദ്വീപ് ഭാഷ, കൊങ്ങിണി തുടങ്ങിയ ഇന്ത്യൻ ഭാഷകളും ഇംഗ്ലീഷും അറബിയും കൈകാര്യം ചെയ്യുന്ന കുട്ടികളും അദ്ധ്യാപകരും സംഗമത്തിൽ പങ്കെടുത്തു.
ഒഡിഷ സ്വദേശിയും സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി സമീർ രഞ്ജൻ കൻഹാറും ഏഴാം ക്ലാസ്സ് വിദ്യാർത്ഥി അർജ്ജുനും സ്‌കൂളിലെ അദ്ധ്യാപകൻ കബീറും വിവിധ ഭാഷകളിൽപരസ്പരം സംസാരിച്ചു. ഫിദ, നാസിയ, ആത്തിക്ക, നൂഹ എന്നിവർഅറബിയിലും ഗൗരി, ആദ്ര, സുൽത്താന, ഹന്ന എന്നിവർ സംസ്‌കൃതത്തിലും തബറേജ് ബിഹാറിയിലും ഗാനങ്ങൾ ആലപിച്ചു. സ്‌കൂളുകളിൽ ക്ലബുകളുടെ ആവശ്യം എന്ന വിഷയത്തിൽ ഹരിഗോവിന്ദൻ കെ.വി മുഖ്യ പ്രഭാഷണം നടത്തി. വായനാമാസാചരണം,
വിദ്യാരംഗം, വിവിധ ക്ലബുകളുടെ ഉദ്ഘാടനം പ്രധാനാദ്ധ്യാപകൻ കെ.സുരേഷ്, അദ്ധ്യാപകരായ എ. ആർ.മീന, എ.ആർ.സന്ധ്യാറാണി എന്നിവരും ലഹരിവിരുദ്ധ ക്ലബ് ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് വി.എച്ച്.സുബൈറും നിർവഹിച്ചു. സി.എസ്.വിഷ്ണുരാജ് സ്വാഗതവും
കെ.കബീർ നന്ദിയും പറഞ്ഞു.