കൊച്ചി: മഴക്കാലമായതിനാൽ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവുമായി ആരോഗ്യവകുപ്പ് അധികൃതർ. മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവർ, മൃഗപരിപാലനം, തൊഴിലുറപ്പ്, കാർഷികവൃത്തി തുടങ്ങിയവയിൽ ഏർപ്പെട്ടിരിക്കുന്നവർ ഏറെ ശ്രദ്ധിക്കണം. എലി, പൂച്ച, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രം വഴി രോഗാണുക്കൾ മുറിവുകളിലൂടെ ശരീരത്തിൽ പ്രവേശിച്ചാണ് രോഗമുണ്ടാക്കുന്നത്. കൈകാലുകളിൽ മുറിവുള്ളവർ മുറിവുണങ്ങുന്നത് വരെ ഇത്തരം ജോലികളിലേർപ്പെടരുത്. രോഗസാധ്യതയുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം ഡോക്‌സിസൈക്ലിൻ ഗുളികകൾ കഴിക്കണം. വൈവിധ്യമായ ലക്ഷണങ്ങളോട് കൂടി എലിപ്പനിയുണ്ടാകാം. മലമ്പനി, ഡെങ്കിപ്പനി , വൈറൽ ഹെപ്പറ്റെറ്റിസ് എന്നിവയെല്ലാമായി രോഗം സംശയിക്കപ്പെട്ടേക്കാം. പനി ബാധിച്ചാൽ ഉടനെ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ ചികിത്സ തേടണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുട്ടികൾ ഇറങ്ങുന്നത് ഒഴിവാക്കുക. പ്രത്യേകിച്ചും മുറിവുള്ളപ്പോൾ.

മൃഗ പരിപാലനത്തിലേർപ്പെട്ടിരിക്കുന്നവർ വ്യക്തി സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുക.

ആഹാരസാധനങ്ങളും കുടിവെള്ളവും എലികളുടെ വിസർജ്യ വസ്തുക്കൾ വീണ് മലിനമാകാതിരിക്കാൻ എപ്പോഴും മൂടി വെക്കുക.

ലക്ഷണങ്ങൾ

പെട്ടെന്നുണ്ടാകുന്ന പനി, തലവേദന

പേശിവേദന

സന്ധിവേദന

മൂത്രത്തിന് കടുത്ത മഞ്ഞനിറം

ഓക്കാനം, ഛർദി

വയറിളക്കം

കണ്ണിൽ ചുവപ്പ് നിറം

രോഗം മൂർച്ഛിച്ചാൽ രക്തസ്രാവം,മൂത്രത്തിന്റെ അളവ് കുറയൽ.