പറവൂർ : വേതന വർദ്ധനവ് ആവശ്യപ്പെട്ട് പറവൂർ - വൈപ്പിൻ മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ ആഗസ്റ്റ് ഒന്ന് മുതൽ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. എറണാകുളം ജില്ല പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിലാണ് സമരം. ദീർഘദൂര സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കും. കഴിഞ്ഞ അഞ്ചുവർഷമായി കൂലി വർദ്ധനവ് മേഖലയിൽ നടപ്പാക്കിയിട്ടില്ല. വിഷയം ഒത്തുതീർപ്പിലെത്തിക്കാൻ ജില്ലാ ലേബർ ഓഫീസർ ചർച്ചക്ക് വിളിച്ചിട്ടും ബസ്സുടമ സംഘടനാ പ്രതിനിധികൾ പങ്കെടുക്കാത്തത് തിരിച്ചടിയായി. ബസ് ചാർജ് കൂട്ടിയിട്ടും കൂലി വർദ്ധിപ്പിച്ചില്ലെന്നാണ് തൊഴിലാളികളുടെ പരാതി. അനിശ്ചിതകാല സമരത്തിന് മുന്നോടിയായി ജൂലായ് പത്തിന് സൂചനാ പണിമുടക്ക് നടത്തുവാൻ ചെറായിയിൽ ചേർന്ന യോഗം തീരുമാനിച്ചു. യൂണിയൻ പ്രസിഡൻ്റ് കെ.സി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. കലേശൻ, എം.കെ. ബാബു, പി.വി. ലൂയീസ്, കെ.എ. അജയകുമാർ, എം.എ. പ്രസാദ്, പി.ആർ. ഷാനു, എൻഎം.സലീഷ് എന്നിവർ പങ്കെടുത്തു.