കൊച്ചി: കേരളത്തിലേക്ക് ചികിത്സാവശ്യങ്ങൾക്ക് കൂടുതൽ വിദേശികളെ (മെഡിക്കൽ വാല്യൂ ടൂറിസ്‌റ്റുകൾ) ആകർഷിക്കാൻ ലക്ഷ്യമിട്ട് കോൺഫെഡറേഷൻ ഒഫ് ഇൻഡസ്ട്രി (സി.ഐ.ഐ) സംഘടിപ്പിക്കുന്ന ഏഴാമത് ഹെൽത്ത് ടൂറിസം ഉച്ചകോടി ജൂലായ് മൂന്ന്, നാല് തിയതികളിൽ കൊച്ചി ലെ മെറിഡിയനിൽ നടക്കും. 'ആരോഗ്യ മൂല്യങ്ങൾ ലഭ്യമാക്കുന്ന യാത്ര" എന്നതാണ് പ്രമേയം.

ഒമ്പതു രാജ്യങ്ങളുടെ പ്രതിനിധി സംഘങ്ങളും നയതന്ത്ര പ്രതിനിധികൾ, അന്താരാഷ്ട്ര ഇൻഷ്വറൻസ് കമ്പനികൾ, ആരോഗ്യ സേവന സ്ഥാപനങ്ങൾ എന്നിവരും പങ്കെടുക്കുമെന്ന് സി.ഐ.ഐ ഡയറക്‌ടർ ജോൺ കുരുവിള വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈദ്യോപകരണ നിർമ്മാതാക്കളുടെയും വൈദ്യശാസ്ത്ര സംബന്ധിയായ സാങ്കേതികവിദ്യാ സ്ഥാപനങ്ങളുടെയും പ്രദർശനമുണ്ടാകും. കേന്ദ്ര വാണിജ്യ, വ്യവസായ അഡിഷണൽ സെക്രട്ടറി സുധാൻഷു പാണ്ഡേ, സേവന കയറ്റുമതി പ്രോത്സാഹന കൗൺസിൽ ഡയറക്‌ടർ ജനറൽ സംഗീത ഗോഡ്‌ബോളെ തുടങ്ങിയവരും സംബന്ധിക്കും.
ചികിത്സാ രംഗത്തെ കേരളത്തിന്റെ മികവ്, ആരോഗ്യ ഇൻഷ്വറൻസ്, ആരോഗ്യ ടൂറിസത്തിൽ സർക്കാരിന്റെ പങ്ക്, സമഗ്ര ചികിത്സ പ്രോത്സാഹന മാതൃക, വൈദ്യോപകരണ നിർമ്മാതാക്കളുടെ പങ്ക് തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും. രാജഗിരി ആശുപത്രി എക്‌സിക്യുട്ടീവ് ഡയറക്‌ടറും സി.ഇ.ഒയുമായ ജോൺസൺ വാഴപ്പിള്ളി, ആസ്‌റ്റർ മെഡ്സിറ്റി സി.ഇ.ഒ ജെൽസൺ കവലക്കാട്ട് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഹെൽത്ത് റൂറിസം

ഇന്ത്യയുടെ പങ്ക് : 18%

2020ലെ ലക്ഷ്യം : 20%

2020ൽ വരുമാനം: $900 കോടി