പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ കാട്ടാന ആക്രമണം മൂലം കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുവാൻ നിർദ്ദേശം നൽകിയതായി വനം വകുപ്പ് മന്ത്രി കെ. രാജു നിയമസഭയെ അറിയിച്ചു. കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പ്രദേശവാസികളുടെ സുരക്ഷയ്ക്കായി കൂടുതൽ റാപ്പിഡ് റസ്‌പോൺസ് ടീമിനെ നിയോഗിക്കും.

പ്രദേശത്ത് വർദ്ധിച്ചുവരുന്ന വന്യമൃഗശല്യം ലഘൂകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സ്ഥലം സന്ദർശിക്കും. ഈ മേഖലകളിൽ ഇരുപത്തിനാല് മണിക്കൂർ നിരീക്ഷണം ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.

മലയാറ്റൂർ ഡിവിഷനിൽ ഉൾപ്പെട്ട പേരുംതോട്, വേമ്പൂരം ദ്വീപ് എന്നിവിടങ്ങളിൽ നിന്നാണ് ആനകൾ പുഴ നീന്തിക്കടന്ന് ജനവാസ മേഖലകളിലേക്ക് ഇറങ്ങുകയും കൃഷികൾ നശിപ്പിക്കുകയും ചെയ്തത്. ഇരുപത് ഹെക്ടറോളം വരുന്ന ഈ പ്രദേശത്ത് പന്ത്രണ്ട് കോളനികളിലായി നിരവധി ആളുകൾ താമസിക്കുന്നുണ്ട്. വനഭൂമിയുടെ അതിരിൽ വേലി കെട്ടിയാൽ ആനകൾക്ക് പുഴയിൽ ഇറങ്ങി വെള്ളം കുടിക്കാനും മറ്റും തടസം ഉണ്ടാകും. എന്നിരുന്നാലും പ്രദേശവാസികളുമായി ആലോചിച്ച് ഈ പ്രദേശങ്ങളിൽ സൗരോർജ വേലി ഉൾപ്പെടെയുള്ള അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.