പറവൂർ : തുരുത്തിപ്പുറം – കൂട്ടുകാട് റോഡ് ടാർ ചെയ്യണമെന്ന ആവശ്യം ശക്തം. റോഡ് ഏറെനാളായി തകർന്നുകിടക്കുകയാണ്. വടക്കേക്കര പഞ്ചായത്തിന്റെ പരിധിയിൽ ടാറിംഗ് നടത്തിയെങ്കിലും ബാക്കി ഭാഗം താറുമാറായി കിടക്കുന്നു. ചിറ്റാറ്റുകര പഞ്ചായത്തിന്റെ ഭാഗമായ പരുവത്തുരുത്ത് കപ്പേളയ്ക്കു മുന്നിൽ റോഡ് കുഴിഞ്ഞു വെള്ളക്കെട്ടായി. പല ഭാഗവും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാൽ വാഹനങൾ ഏറെ പ്രയാസപ്പെട്ടാണ് കടന്നു പോകുന്നത്. ദിവസേന അനേകം സ്കൂൾ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും സഞ്ചരിക്കുന്നുണ്ട്. സ്ഥിരമായി പോകുന്ന വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിക്കുന്നു. വിദ്യാർത്ഥികളും കാൽനടയാത്രക്കാരും മലിനജലത്തിൽ ചവിട്ടിയാണ് നടക്കുന്നത്. ടാർ ചെയ്യണമെന്ന് ഏറെനാളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികാരികൾ നടപടിയെടുക്കാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധത്തിലാണ്. എത്രയും വേഗം റോഡ് നവീകരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കാരുണ്യ സർവീസ് സൊസൈറ്റി (കെ.എസ്.എസ്) ആവശ്യപ്പെട്ടു.