അച്ഛന്റെ റെക്കാഡ് ഭൂരിപക്ഷം മറികടന്നാണ് മകൻ കന്നിക്കാരനായി പാർലമെന്റിലെത്തിയത്. പരേതനായ ജോർജ് ഈഡന്റെയും മകൻ ഹൈബി ഈഡന്റെയും നേട്ടങ്ങൾക്ക് പിന്നിൽ എറണാകുളത്തെ ജനങ്ങൾ നൽകിയ വാത്സല്യവും പിന്തുണയുമാണ് . വികസന സ്വപ്നങ്ങളാണ് ഹൈബിയുടെ മനസുനിറയെ ഒരു വശത്ത് മെട്രോനഗരത്തിന്റെ തലപ്പൊക്കമെങ്കിൽ മറുവശത്ത് തീരദേശത്തിന്റെ ദുരിതക്കാഴ്ചകളും നിരവധി. എല്ലാവർക്കുമൊപ്പമെന്ന സന്ദേശവുമായാണ് പുതിയ ദൗത്യത്തിലേക്കുള്ള ഹൈബി ഈഡന്റെ യാത്ര.
കന്നിക്കാരനായി പാർലമെന്റിലെത്തുമ്പോൾ മനസിലുള്ള വികാരം ?
യാദൃശ്ചികമായാണ് എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായത്. നിയമസഭാംഗമെന്ന നിലയിൽ സംതൃപ്തിയോടെ മുന്നോട്ടു പോകുകയായിരുന്നു. അതിനിടെയാണ് പാർട്ടി പുതിയ ദൗത്യം ഏൽപ്പിച്ചത്. മുതിർന്ന നേതാവും പരിചയ സമ്പന്നനുമായ കെ.വി.തോമസ് പ്രതിനിധാനം ചെയ്ത മണ്ഡലം. ചെറുപ്പക്കാരൻ എം.പിയായി വരുമ്പോൾ ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്. വലിയ ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും വേണം. വലിയ ഭൂരിപക്ഷത്തിലാണ് ജനങ്ങൾ വിജയിപ്പിച്ചത്. എം.പി എന്ന നിലയിൽ നന്നായി പ്രവർത്തിക്കാനാണ് ശ്രമം. പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടില്ല. ഓരോത്തർക്കും ഒപ്പമുണ്ടാകും. എം.എൽ.എ എന്ന നിലയിൽ ലഭിച്ച കരുത്ത് പുതിയ ദൗത്യത്തിലും മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
പിതാവ് ജോർജ് ഈഡൻ നേടിയ റെക്കാഡ് ഭൂരിപക്ഷം മകൻ തന്നെ തിരുത്തി . ?
മകൻ എന്ന നിലയിൽ അഭിമാനിക്കുന്നു. ഡാഡി ജീവിച്ചിരിപ്പുണ്ടായിരുന്നേൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷമായേനെ.ഡാഡിക്ക് നൽകിയ വാത്സല്യവും ആദരവും ജനങ്ങൾ പ്രകടിപ്പിച്ചു. ഇത് വലിയ അംഗീകാരമാണ്. ഇനി ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുകയാണ് ലക്ഷ്യം.
പിതാവിന്റെ പാത പിന്തുടർന്നാണോ രാഷ്ട്രീയത്തിലേക്ക് എത്തിയത് ?
ഒരിക്കലുമല്ല. പൊതുപ്രവർത്തകനാകുമെന്ന് ഒരിക്കലും കരുതിയില്ല.ഡാഡി ഒരിക്കലും രാഷ്ട്രീയത്തിലിറങ്ങാൻ പ്രോത്സാഹിപ്പിച്ചില്ല. പഠനത്തിന് തടസമുണ്ടാകാതെ സംഘടനാപ്രവർത്തനമാകാമെന്ന് ഉപദേശിച്ചിരുന്നു. ചെറുപ്പത്തിൽ പൈലറ്റാകണമെന്നായിരുന്നു മോഹം. പുറത്തുപോയി എം.ബി.എ കരസ്ഥമാക്കണമെന്നും വിചാരിച്ചു. എന്നാൽ, തേവര സേക്രട്ട് ഹാർട്ട് കോളേജിൽ ഡിഗ്രിക്ക് ചേർന്നതോടെ കെ.എസ്.യുവിൽ പ്രവർത്തിക്കാൻ അവസരമുണ്ടായി. പിന്നീട് ആരാധനയോടെ കണ്ട നേതാക്കളുമായി അടുത്തതോടെ മുഴുവൻ സമയ രാഷ്ട്രീയക്കാരനായി.
കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നല്ല ബന്ധമാണോ ?
2004 ൽ ലാ അക്കാഡമിയിൽ പഠിക്കുമ്പോൾ കെ.എസ്.യു എറണാകുളം ജില്ലാ പ്രസിഡന്റായി. ലീഡർ കെ.കരുണാകരന്റെ അനുയായിയായിരുന്നെങ്കിലും പാർട്ടി വിട്ടപ്പോൾ സംഘടനയിൽ ഉറച്ചു നിന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായപ്പോൾ രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധമായി. എനിക്ക് പദവികൾ ലഭിക്കുമ്പോൾ സമയവും പ്രായവും എല്ലാ അനുകൂല ഘടകങ്ങളായിരുന്നു. 24 വയസുള്ളപ്പോൾ എൻ.എസ്.യു അദ്ധ്യക്ഷനായി. 32 കാരനായ പ്രസിഡന്റിനെ മാറ്റി രാഹുൽ ഗാന്ധിയുടെ ശുദ്ധികലശമായിരുന്നു അത്. ഈ സമയം ഇന്ത്യയിലെ ആദിവാസി, നക്സൽ മേഖലകളിൽ പ്രവർത്തിക്കാനായി.എല്ലാ ആഴ്ചയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യോഗങ്ങൾ. ആ കാലഘട്ടത്തിൽ ഉൗഷ്മളമായ ബന്ധം. ഏൽപ്പിച്ച ജോലികൾ ഭംഗിയായി നിറവേറ്റിയെന്ന വിശ്വാസമുണ്ട്. വീണ്ടും രാഹുൽ ഗാന്ധിക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനിക്കുന്നു.
എറണാകുളം മണ്ഡലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസിലുള്ളത് ?
ചെല്ലാനം മുതൽ ചെറായി വരെയുള്ള തീരദേശ മേഖലയിലുള്ളവരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കും. കടലാക്രമണങ്ങളിൽ നിന്ന് ഇവരെ രക്ഷിക്കാനുള്ള മാർഗങ്ങൾ തേടും. തീരപരിപാലന നിയമത്തിന്റെ കുരുക്കിൽപ്പെട്ട് വീട് പണിയാൻ സാധിക്കാത്തവർക്ക് എന്തെങ്കിലും ചെയ്തു കൊടുക്കാൻ കഴിയുമാേയെന്ന് പരിശോധിക്കും. നെടുമ്പാശേരി, ഇൻഫോപാർക്ക്, പശ്ചിമകൊച്ചി എന്നിവിടങ്ങളിലേക്ക് മെട്രോറെയിൽ വേഗത്തിലാക്കാൻ പ്രയത്നിക്കും.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ് മാലിന്യസംസ്കരണത്തിന്റെ ഉത്തരവാദിത്വമെങ്കിലും സാമ്പത്തിക സഹായം ലഭ്യമാക്കാൻ ശ്രമിക്കും. കേന്ദ്ര സർക്കാരിന്റെ പല പദ്ധതികളും ജനങ്ങളിലേക്ക് എത്തുന്നില്ല. ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഫാക്ട്, കൊച്ചി കപ്പൽശാല എന്നിവ പൊതുമേഖലയിൽ നിലനിറുത്തിക്കൊണ്ട് വികസനപ്രവർത്തനങ്ങൾക്കായി പോരാടും.
എം.എൽ.എ എന്ന നിലയിൽ എറണാകുളം മണ്ഡലത്തിൽ നടപ്പാക്കിയ തണൽ ഭവന പദ്ധതി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമോ ?
എം.പിയായതോടെ മറ്റ് നിയോജക മണ്ഡലങ്ങളിൽ നിന്ന് ഒരുപാട് അപേക്ഷകൾ ലഭിച്ചു. പദ്ധതി വ്യാപിപ്പിക്കാൻ ആഗ്രഹമുണ്ട്. അതിനായി പദ്ധതി തയ്യാറാക്കുന്നു.സാമ്പത്തിക സഹായം ലഭ്യമാക്കാനും സ്പോൺസർമാരെ കണ്ടെത്താനും ശ്രമിക്കുകയാണ്. എറണാകുളം നിയോജകമണ്ഡലത്തിലെ ചേരാനെല്ലൂരിൽ 50 വീടെന്നത് ലക്ഷ്യത്തിലേക്ക് അടുക്കുന്നു. സൗഖ്യം ആരോഗ്യപദ്ധതിയും മറ്റ് നിയോജക മണ്ഡലത്തിലേക്ക് വ്യാപിപ്പിക്കും.
എറണാകുളം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വരുന്നു. പ്രതീക്ഷകൾ ?
യു.ഡി.എഫ് വലിയ വിജയം നേടും. രാഷ്ട്രീയ സാഹചര്യം അനുകൂലമാണ്. മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഗുണം ചെയ്യും.
അഴിമതിയും കെടുകാര്യസ്ഥതയും മൂലം തകർന്ന പാലാരിവട്ടം ഫ്ളൈഓവറിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് യു.ഡി.എഫിന് രക്ഷപ്പെടാനുകുമോ ?
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 400 ലധികം പാലങ്ങൾ നിർമ്മിച്ച് ചരിത്രം കുറിച്ചിരുന്നു. ഒരു വ്യക്തിക്ക് സാങ്കേതികമായി കുഴപ്പമുണ്ടാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഭരണതലത്തിൽ അനുമതി നൽകുക മാത്രമാണ് ചെയ്യുന്നത്. സാങ്കേതിക വൈദഗ്ദ്ധ്യത്തിലും ഉദ്യോഗതലത്തിലും വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുകയും നടപടി എടുക്കുകയും വേണം. രാഷ്ട്രീയ നേതൃത്വം അഴിമതി കാണിച്ചിട്ടുണ്ടെങ്കിൽ പുറത്തു കൊണ്ടുവരണം.