ആലുവ: പെരിയാറിന് കുറുകെയുള്ള തുരുത്ത് നടപ്പാലത്തിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായി. ചൂണ്ടയിടാൻ എന്ന പേരിൽ പാലത്തിൽ തമ്പടിക്കുന്നവരാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ശല്യമായത്. സന്ധ്യ മയങ്ങിയാൽ ഇതര സംസ്ഥാന തൊഴിലാളികളും തമ്പടിക്കുന്നതോടെ യാത്രക്കാർ ഭീതിയിലാണ്.
റെയിൽവേ പാലത്തിന് സമാന്തരമായി കേവലം മൂന്നടി മാത്രം വീതിയിലാണ് നടപ്പാലം നിർമ്മിച്ചിരിക്കുന്നത്. അതിനാൽ ഒരാൾ നിന്നാൽ കടന്നു പോകാൻ ബുദ്ധിമുട്ടാണ്. പുകവലിച്ചും സംഘം ചേർന്നുമാണ് നടപ്പാലം കൈയടക്കിയിരിക്കുന്നത്. നഗരത്തോട് തൊട്ടുചേർന്നുള്ള സ്ഥലമാണ് തുരുത്ത് ദ്വീപ്. വാഹനത്തിൽ തുരുത്തിലെത്തണമെങ്കിൽ നഗരത്തിൽ നിന്നും 10 കിലോമീറ്റർ സഞ്ചരിക്കണം. അതിനാൽ തുരുത്ത്, പുറയാർ, ഗാന്ധിപുരം ഭാഗത്തേക്കുള്ള യാത്രികരെല്ലാം മറുകരയിൽ ഇരുചക്രവാഹനം പാർക്ക് ചെയ്ത ശേഷം നടപ്പാലം വഴി കാൽനടയായി നഗരത്തിലെത്തികയാണ് പതിവ്.
പാലത്തിനിരുവശത്തുമുള്ള തെരുവുവിളക്കുകൾ പ്രകാശിക്കാത്തത് സാമൂഹ്യ വിരുദ്ധർക്ക് സൗകര്യമായിരിക്കുകയാണ്. ഈ കുറ്റാകൂരിരുട്ടിൽ കൂട്ടം കൂടി നിന്ന് മദ്യപിക്കാനും യുവാക്കളുടെ സംഘം എത്താറുണ്ട്. പാലം കടന്ന് തുരുത്ത് ഭാഗത്തേക്ക് ഇറങ്ങാനുള്ള പടവുകൾക്ക് സമീപമുള്ള വൈദ്യുതി വിളക്ക് അടിക്കടി തകരാറിലാകുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇരുട്ടത്ത് കാൽതട്ടി വീഴുന്നതും പരിക്കേൽക്കുന്നതും പതിവാണ്. ഇവിടെ തെരുവുവിളക്കുകൾ അടിക്കടി കേടാവുന്നതിന് പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്ന് ആക്ഷേപമുണ്ട്.
പരാതി നൽകി
സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായതിനാൽ പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും തുരുത്ത് റെയിൽവേ നടപ്പാലത്തിലൂടെ സഞ്ചാരം സുഗമമാക്കുന്നതിനും പാലത്തിന് ഇരുവശത്തുമുളള വൈദ്യുതി വിളക്കുകൾ പ്രകാശിപ്പിക്കുന്നതിനും റെയിൽവെ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പരാതി നൽകി.