കോലഞ്ചേരി: പുത്തൻകുരിശ്, ചൂണ്ടി ജംഗ്ഷനിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും നിരന്തര ശല്യമായി ദേശീയപാത കൈയേറി കച്ചവടം നടത്തിവന്നവർക്കെതിരെ പൂത്തൃക്ക ആരോഗ്യവിഭാഗം നടപടിയെടുത്തു. പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാക്കുന്ന തരത്തിൽ കച്ചവടം നടത്തിവന്നിരുന്ന 6 പേർക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ നോട്ടീസ് നൽകി. ശുചിത്വ ക്രമീകരണങ്ങളൊന്നുമില്ലാതെ മലിനമായ ചുറ്റുപാടിൽ അനധികൃതമായി ജംഗ്ഷനിൽ നടത്തിവന്ന തട്ടുകടയുടെ പ്രവർത്തനം ഉദ്യോഗസ്ഥർ അവസാനിപ്പിച്ചു. റോഡ് കൈയേറി മലിനമായ സ്ഥലത്ത് നടത്തിവന്ന പച്ചക്കറി, പഴവർഗ്ഗ കച്ചവടം ഒഴിപ്പിച്ചു. കടകളിലെ മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചതിന് രണ്ട് പേർക്കെതിരെ നടപടിയെടുത്തു.
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി.എ.സതീഷ്‌കുമാർ , എസ്. നവാസ്, കെ.കെ.സജീവ്, നഴ്‌സ് പി.എസ്.ലിസി എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന തട്ടുകടകൾ ഉൾപ്പടെയുള്ള ഭക്ഷണപാനീയ വില്പന കേന്ദ്രങ്ങളിൽ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മെഡിക്കൽ ഓഫീസർ ഡോ.അരുൺ ജേക്കബ് അറിയിച്ചു.