palam-
പാലത്തിലെ കോൺക്രീറ്റ് ഇളകി കമ്പികൾ പുറത്തു വന്ന നിലയിൽ

കിഴക്കമ്പലം: വാഹനത്തിരക്കേറിയ പുക്കാട്ടുപടി - കിഴക്കമ്പലം റോഡിൽ പഴങ്ങനാട് ആശുപത്രിത്താഴം പാലം അപകടാവസ്ഥയിൽ. ബലക്ഷയത്തെ തുടർന്ന് നേരത്തെതന്നെ പാലത്തിന്റെ കൈവരികൾ തകർന്നിരുന്നു. ഇതിനിടയിലാണ് പാലത്തിനടിയിലെ കോൺക്രീ​റ്റ് ഇളകി കമ്പികൾ ദ്രവിച്ച് പുറത്തേക്ക് തള്ളി നിൽക്കുന്നതായി നാട്ടുകാർ കാണുന്നത്. സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമായതിനെത്തുടർന്ന് അടിയന്തര നടപടിവേണമെന്ന ആവശ്യം ശക്തമായി.

പാലം നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും തുടർനടപടിയൊന്നും ഉണ്ടായില്ല. മൂവാ​റ്റുവുഴ, പെരുമ്പാവൂർ, തൃപ്പൂണിത്തുറ, കോലഞ്ചേരി, കാക്കനാട്, ആലുവ, എറണാകുളം ഭാഗങ്ങളിലേക്കായി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ പാലമാണിത്. സ്‌കൂൾ, സ്വകാര്യ ബസുകളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളും ഇതിലൂടെ സഞ്ചരിക്കുന്നുണ്ട്.

കിഴക്കമ്പലം മുതൽ പുക്കാട്ടുപടി വരെയുള്ള റോഡ് ബി.എം.ബി.സി നിലവാരത്തിൽ വീതി കൂട്ടി ടാറിംഗ് നടത്തുന്നതിന് വി.പി. സജീന്ദ്രൻ എം.എൽ.എ ഫണ്ട് അനുവദിച്ചിരുന്നു. ഈ ഘട്ടത്തിൽ പാലം സ്ഥിതി ചെയ്യുന്ന റോഡിലെ നിർമ്മാണ പ്രവർത്തനങ്ങളോടനുബന്ധിച്ച് പാലവും പുതുക്കി നിർമ്മിക്കണമൊണ് നാട്ടുകാരുടെ ആവശ്യം. പൊതുമരാമത്ത് വകുപ്പാണ് നടപടി സ്വീകരിക്കേണ്ടത്.