പെരുമ്പാവൂർ: പെരുമ്പാവൂർ ലയൺസ് ക്ലബിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന് നാളെ (ശനി) തുടക്കം കുറിക്കും. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ അഡ്വ.എ.വി. വാമനകുമാർ ഉദ്ഘാടനം ചെയ്യും.സുവർണ ജൂബിലിയുടെ ലോഗോയും പ്രകാശിപ്പിക്കും. ജൂലായ് ഒന്നുമുതൽ 2020 ജൂൺ 30 വരെയാണ് ആഘോഷപരിപാടികൾ നടക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി 50 ലക്ഷം രൂപയുടെ സേവന പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ടെന്ന് നിയുക്ത ക്ലബ് പ്രസിഡന്റ് എൻ. പി. രാജു പത്രസമ്മേളനത്തിൽ അറിയിച്ചു.

പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുക്കുന്ന 50 അംഗൻവാടികൾ നവീകരിക്കും. പ്രമേഹ രോഗികൾക്ക് വിദഗ്ദ്ധ ചികിത്സ, സ്‌കൂളുകളിൽ പച്ചക്കറിത്തോട്ടം, മാലിന്യ സംസ്‌കരണം, കാൻസർ ബാധിതരായ കുട്ടികൾക്ക് ധനസഹായം, ലഹരി മരുന്ന് ഉപയോഗത്തിനെതിരെ ബോധവത്കരണം തുടങ്ങി 50 ക്ഷേമ പദ്ധതികൾ നടപ്പാക്കും. പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനം മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. പി.ജി.ആർ. പിള്ള നിർവഹിക്കും. ക്ലബ് സെക്രട്ടറി ഡോ.ബീന രവികുമാർ, ട്രഷറർ ടി.ഒ. ജോൺസൺ, ജൂബിലി കമ്മിറ്റി ചെയർമാൻ എ.ഒ. ജെയിംസ്, കൺവീനർ ടി.വി. ബേബി എന്നിവരും പരിപാടികൾ വിശദീകരിച്ചു.