ആലുവ: കേരള കോൺഗ്രസ് (എം)ൽ സംസ്ഥാന തലത്തിൽ ഉടലെടുത്ത പിളർപ്പിന്റെ തുടർച്ചയായി ജില്ലയിൽ പി.ജെ. ജോസഫ് പക്ഷക്കാരനായ ഷിബു തെക്കുംപുറത്തിനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്തതായും ബാബു ജോസഫിനെ പുതിയ പ്രസിഡന്റാക്കിയതായും ജോസ് കെ. മാണി പക്ഷം അറിയിച്ചു.
ഇന്നലെ വൈകിട്ട് ആലുവ മഹനാമി ഹാളിൽ മുതിർന്ന നേതാവ് പി.കെ. സജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലയിലെ പ്രധാന നേതാക്കളുടെ യോഗമാണ് ബാബു ജോസഫിനെ ഏകകണ്ഠമായി പ്രസിഡന്റായി തിരഞ്ഞെടുത്തത്. ജില്ലയിലെ 14 നിയോജക മണ്ഡലം പ്രസിഡന്റുമാരിൽ 12 പേരും ജില്ലാ ഭാരവാഹികളിൽ ഭൂരിപക്ഷവും യോഗത്തിൽ പങ്കെടുത്തതായി ജോസ് പക്ഷം അവകാശപ്പെട്ടു. യോഗത്തിൽ പങ്കെടുക്കാത്ത മണ്ഡലം പ്രസിഡന്റുമാരോട് വിശദീകരണം തേടുമെന്നും തൃപ്തികരമല്ലെങ്കിൽ നീക്കം ചെയ്യുമെന്നും ബാബു ജോസഫ് അറിയിച്ചു. ഷിബു തെക്കുംപുറം ഇന്നലെ എറണാകുളത്ത് വിളിച്ച സമാന്തര യോഗത്തിന് പാർട്ടിയുമായി ബന്ധമില്ലെന്നും ബാബു ജോസഫ് പറഞ്ഞു.
പാർട്ടി ഉന്നതാധികാര സമിതി അംഗമായ ബാബു ജോസഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ബ്ളോക്ക് പഞ്ചായത്തംഗം, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.