collector
കളക്ടർ സുഹാസ് ചെല്ലാനം സന്ദർശി​ക്കുന്നു

താത്കാലിക പരിഹാരം വേഗത്തിലാക്കാൻ അടിയന്തര യോഗം

കൊച്ചി: ചുമതലയേറ്റ് മണിക്കൂറുകൾക്കകം എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് എത്തിയത് കടൽക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്ന ചെല്ലാനം തീരദേശ വാസികളുടെയടുത്ത്. വീശിയടിക്കുന്ന തിരകളെ സാക്ഷിയാക്കി തീരദേശവാസികൾ തങ്ങളുടെ ദുരിതം പുതിയ കളക്ടർക്ക് മുന്നിൽ അവതരിപ്പിച്ചു. തീരദേശവാസികളുടെ സംരക്ഷണത്തിന് ജില്ലാ ഭരണകൂടം ഒപ്പമുണ്ടാകുമെന്ന വാക്കുകൾ ജനങ്ങൾ കൈയടികളോടെ സ്വീകരിച്ചു.
അടുത്ത കാലവർഷത്തിനു മുമ്പായി കടൽക്ഷോഭത്തിൽ നിന്നു സംരക്ഷണം നൽകുന്ന സ്ഥിരം സംവിധാനം ഒരുക്കുമെന്ന് ജില്ലാ കളക്ടർ ഉറപ്പു നൽകി. . താത്കാലിക സംവിധാനമെന്ന നിലയിൽ ജിയോ ബാഗ് സ്ഥാപിക്കുന്നത് തുടരും. ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം അടിയന്തരമായി വിളിച്ചു ചേർക്കും.
അടുത്ത കാലവർഷത്തിൽ മുമ്പായി സ്ഥിരം പ്രതിരോധ സംവിധാനമൊരുക്കുന്നതിനുള്ള പദ്ധതികൾ സംബന്ധിച്ച ആസൂത്രണം അന്തിമഘട്ടത്തിലാണ്. എട്ട് കോടിയുടെ പ്രവൃത്തികൾ ദീർഘകാല ടെൻഡറിൽ ആരംഭിക്കും. കൃത്യമായി അവലോകനം നടത്തി സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കും. കടൽഭിത്തിയായാലും പുലിമുട്ടായാലും പദ്ധതി നടത്തിപ്പ് ചുമതല ജലസേചന വകുപ്പിനാണ്. വകുപ്പിന് എല്ലാ സഹകരണവും ജില്ലാ ഭരണകൂടം നൽകുമെന്നും കളക്ടർ അറിയിച്ചു.