അങ്കമാലി: പ്രേമനൈരാശ്യത്തെ തുടർന്ന് ആത്മഹത്യാശ്രമങ്ങൾ വാട്സാപ് വീഡിയോ കോളിലൂടെ കാമുകിയെ കാണിച്ച യുവാവ് ആശുപത്രി വിട്ടു. ബുധനാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് കറുകുറ്റിക്ക് സമീപം റെയിൽവേ ട്രാക്കിനടുത്തുള്ള കുറ്റിക്കാട്ടിൽ നിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ അങ്കമാലി പൊലീസ് കണ്ടെത്തി ആശുപത്രിയിലാക്കിയത്. കോട്ടയത്തെ കോളേജിൽ പഠിക്കുന്ന ഇടുക്കി കട്ടപ്പന സ്വദേശിയായ 20 കാരനാണ് ആത്മഹത്യാശ്രമങ്ങൾ വാട്സാപ് കോളിലൂടെ കാമുകിയെ കാണിച്ചത്. ഭയന്ന കാമുകി കോട്ടയം പൊലീസ് അറിയിക്കുകയും യുവാവിന്റെ ഫോൺ ലൊക്കേഷൻ അങ്കമാലിയാണെന്ന് കണ്ടെത്തി അങ്കമാലി പൊലീസ് യുവാവിനെ കണ്ടെത്തുകയായിരുന്നു.കോട്ടയം പൊലീസ് സ്റ്റേഷനിൽ നിന്നും യുവാവിന്റെ ഫോൺ ലൊക്കെഷൻ വഴി അങ്കമാലി പൊലീസ് കറുകുറ്റിക്ക് പാഞ്ഞെങ്കിലും രണ്ടു മണിക്കൂറിലധികമെടുത്ത ശേഷമാണ് കറുകുറ്റി റെയിൽവേ സ്റ്റേഷനു ഒന്നര കിലോമീറ്റർ അകലെയുള്ള കുറ്റിക്കാട്ടിൽ നിന്ന് യുവാവിനെ കണ്ടെത്തിയത്.യുവാവിന്റെ ഫോൺ ചാർജ് തീർന്ന് ഓഫായതും പൊലീസിനെ കുഴക്കി.കോട്ടയത്ത് വച്ച് ഇരുവരും സംസാരിക്കുകയും തുടർന്ന് പിരിയുകയുമായിരുന്നു. കൈകളിൽ വലിയ തരത്തിലുള്ള മുറിവൊന്നും സംഭവിച്ചിട്ടില്ലായെന്നാണ് ആശുപത്രി ഡോക്ടർമാർ പറയുന്നത്. പ്രാഥമിക ചികിത്സ നൽകി രാത്രി തന്നെ യുവാവിനെ പിതാവ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. കാമുകിയെ ഭയപ്പെടുത്താൻ ആത്മഹത്യ ശ്രമം നടത്തിയ യുവാവിനെതിരെ കേസൊന്നുമെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.അങ്കമാലി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് റിയാസിന്റെ നേതൃത്യത്തിൽ പൊലീസ് സബ് ഇൻസ്പെക്ടർ വിൽസൺ , എ.എസ്.ഐ. ഉണ്ണികൃഷ്ണൻ ,ജിസ് മോൻ, രജ്ഞിത് കുറുപ്പ് ,വിമൽഎന്നിവർ 2 മണിക്കൂറോളം നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്.