കൊച്ചി: കോതമംഗലം തൃക്കാരിയൂരിൽ പ്രവർത്തിക്കുന്ന " പ്രഗതി " ബാലഭവനിൽ നിന്നും തുടർച്ചയായി കുട്ടികളെ കാണാതാകുന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി അറിയിച്ചു. രണ്ടു തവണയായി ഏഴു കുട്ടികളാണ് ബാലഭവനിൽ നിന്ന് രക്ഷപെട്ടത്. രണ്ടു തവണയും കോതമംഗലം പൊലീസ് കുട്ടികളെ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച രാത്രി കാണാതായ നാലു കുട്ടികളെ കണ്ടെത്തി പൊലീസ് കോതമംഗലം മജിസ്ട്രേറ്റിനു മുന്നിൽഹാജരാക്കി. തുടർന്ന് ശിശുക്ഷേമ സമിതിയുടെ നിർദ്ദേശ പ്രകാരം കുട്ടികളെ പെരുമ്പാവൂർ സ്നേഹ ജ്യോതി ബാലഭവനിലേക്ക് മാറ്റി. " പ്രഗതി " ബാലഭവനിൽ അടിസ്ഥാന സൗകര്യങ്ങളിൽ കുറവുണ്ടോ എന്നും കുട്ടികൾക്ക് മാനസിക - ശാരീരിക പീഡനങ്ങളുണ്ടോ എന്നും പരിശോധന നടത്തി സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് ജില്ലാ ശിശുക്ഷേമസമിതി ഉപാദ്ധ്യക്ഷൻ അഡ്വ.കെ.എസ് അരുൺകുമാർ അറിയിച്ചു.