കൊച്ചി: ‘അഴിമതിക്കാരെ തുറങ്കിലിലടയ്‌ക്കുക, അഴിമതി പാലത്തിന് ആദരാഞ്ജലികൾ’ എന്ന മുദ്രാവാക്യമുയത്തി ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാരിവട്ടം ഫ്‌ളൈഓവറിൽ റീത്ത‌് സമർപ്പിച്ചു. പാലത്തിന്റെ ശവമഞ്ചവും തോളിലേറ്റി നൂറുകണക്കിന‌് പ്രവർത്തകരാണ‌് മാർച്ചിൽ അണിനിരന്നത‌്.
ഇടപ്പള്ളിയിൽ നിന്ന് മാർച്ചായാണ് പ്രവർത്തകർ എത്തിയത്. സമരം പ്രൊഫ. എം.കെ. സാനു ഉദ‌്ഘാടനം ചെയ‌്തു. കൊച്ചി നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്ക‌് ഒഴിവാക്കാനാണ‌് പാലാരിവട്ടം മേൽപ്പാലം നിർമിച്ചതെന്നും എന്നാൽ ആ സ്വപ‌്നം മൂന്ന‌് വർഷംകൊണ്ട‌് തകർത്തവർക്കെതിരെ മാതൃകാ നടപടിയെടുക്കണമെന്നും എം.കെ. സാനു ആവശ്യപ്പെട്ടു. പാലം നിർമാണത്തിലെ ക്രമക്കേടിന‌് ഉമ്മൻചാണ്ടി, വി.കെ.ഇബ്രാഹിംകുഞ്ഞ‌് എന്നിവർക്കൊപ്പം മുൻ എം.പി കെ.വി.തോമസിനെതിരെയും വിജിലൻസ‌് അന്വേഷണം നടത്തണമെന്ന‌് ഡോ. സെബാസ‌്റ്റ്യൻ പോൾ ആവശ്യപ്പെട്ടു.
എം.കെ.സാനു, ഡോ.സെബാസ‌്റ്റ്യൻ പോൾ, ടി.എ.സത്യപാൽ എന്നിവർ പാലത്തിൽ റീത്ത‌് സമർപ്പിച്ചു. ഡി.വൈ.എഫ‌്.ഐ സംസ്ഥാന പ്രസിഡന്റ‌് എസ‌്.സതീഷ‌് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.എ. റഹീം, ജില്ലാ സെക്രട്ടറി അഡ്വ.എ.എ.അൻഷാദ‌്,സംസ്ഥാന ട്രഷറർ എസ‌്.കെ.സജീഷ‌്, ജില്ലാ പ്രസിഡന്റ‌് ഡോ. പ്രിൻസി കുര്യാക്കോസ‌്, എൻ.ജി.സുജിത‌് കുമാർ, എൽ.ആദർശ‌് എന്നിവർ പ്രസംഗിച്ചു.