കൊച്ചി: ഇന്ന് അന്താരാഷ്ട്ര യോഗാദിനം. ജില്ലയിൽ വിപുലമായ യോഗാചരണ പരിപാടികളാണ് വിവിധ വകുപ്പുകളും സംഘടനകളും സംഘടിപ്പിച്ചിരിക്കുന്നത്. എറണാകുളം ജില്ലാ ആയുർവേദ ആശുപത്രി ഹാളിൽ ദേശീയ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാവകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം രാവിലെ എട്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുൽ മുത്തലിബ് അദ്ധ്യക്ഷത വഹിക്കും. ഡോ. ആർ ഉഷ യോഗദിന സന്ദേശം നൽകും. രാവിലെ 7 മുതൽ ഡോ.ലക്ഷ്മി.എൻ.നായരുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തും. 11ന് വൈറ്റില മൊബിലിറ്റി ഹബ്ബിൽ പ്രത്യേക യോഗ പ്രദർശനം. കൊച്ചി നാവികസേന യോഗദിനാചരണവും ബോധവത്കരണവും രാവിലെ 7.30ന്‌ നടക്കും.

ബി.ജെ.പി.ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനാചരണം രാവിലെ 7ന് എറണാകുളം എസ്.എസ്. കലാമന്ദറിൽ നടക്കും. ബി.ജെ.പി ദേശീയ സെക്രട്ടറി.എച്ച്. രാജ മുഖ്യാതിഥിയാകും. ആർട്ട് ഒഫ് ലിവിംഗ് ഇന്റർനാഷണൽ ധ്യാന പരിശീലകൻ ബാലകൃഷ്ണൻ, യോഗാചാര്യൻ നോബിൾ ലാൽ എന്നിവർ യോഗ പരിശീലനത്തിന് നേതൃത്വം നൽകും.

നുവാൽസ് സെമിനാർ ഹാളിൽ യോഗ ബോധവത്കരണവും പരിശീലനവും രാവിലെ 10ന് നടക്കും. പാലാരിവട്ടം വിസ് യോഗ സെന്ററിൽ അന്താരാഷ്ട്ര യോഗദിനാചരണം രാവിലെ ഏഴിനാണ്. എളമക്കര ഭാസ്‌ക്കരീയ കൺവെൻഷൻ സെന്ററിൽ പൈതൃക് സംഘടിപ്പിക്കുന്ന യോഗദിനാചരണം രാവിലെ 7.30ന് നടക്കും. കുട്ടികളുടെ നേതൃത്വത്തിൽ 8.30ന് യോഗ. പൊന്നുരുന്നി സഹൃദയ ഹാളിൽ ആത്മയോഗ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സഹൃദയ സമൂഹയോഗ വൈകിട്ട് മൂന്നിന് നടക്കും. പള്ളിമുക്ക് തിയോസഫിക്കൽ സൊസൈറ്റി ഹാളിൽ യോഗ പരിശീലന ബാച്ച് ഉദ്ഘാടനം ഇന്ന് നടക്കും.