 സംഭവം എറണാകുളം സ്‌റ്റേഡിയത്തിൽ പിന്നിൽ

കാറുടമ അറസ്‌റ്റിൽ

കൊച്ചി: കാറിന് പിന്നിൽ സൈക്കിൾ തട്ടിയതിന് നഗരമദ്ധ്യത്തിൽ എട്ടാംക്ലാസുകാരന് മർദ്ദനമേറ്റു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ കലൂർ കാരണകോടത്തിന് സമീപം സ്‌റ്റേഡിയം ലിങ്ക് റോഡിലാണ് സംഭവം. കുട്ടിയെ മർദ്ദിച്ച പാലാരിവട്ടം സൗത്ത് ജനതാ റോഡിൽ വിനായക വീട്ടിൽ വിനോദിനെ (42) പാലാരിവട്ടം പൊലീസ് അറസ്‌റ്റ് ചെയ്‌തു.
സൈക്കിൾ തട്ടിയതോടെ കാറിന്റെ പെയിന്റ് പോയെന്നാരോപിച്ചായിരുന്നു മർദ്ദനം. കാറിന് പിന്നാലെ പോകുകയായിരുന്നു വിദ്യാർത്ഥി. ഇതിനിടെ കാർ വളവ് തിരിയുന്നതിനിടെയാണ് പിന്നിലിടിച്ചത്. കടുംബവുമൊത്തായിരുന്നു വിനോദിന്റെ യാത്ര. സംഭവം നടന്നയുടൻ പുറത്തിറങ്ങിയ വിനോദ് പെയിന്റ് പോയെന്ന് പറഞ്ഞ് ആക്രോശിച്ച് കുട്ടിയെ അടിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ ഓടിയെത്തി പിടിച്ചുമാറ്റി. ഇയാളുമായി വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. വിനോദ് ക്രുദ്ധനായി നിലയുറപ്പിച്ചതോടെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് അരമണിക്കൂറോളം റോഡിൽ ഗതാഗത തടസമുണ്ടായി. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്‌റ്റ്. കാറും കസ്‌റ്റഡിയിലെടുത്തു. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം കുട്ടി വീട്ടിലേക്ക് മടങ്ങി. വിനോദിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.