ഉദയംപേരൂർ: പിണങ്ങിപ്പിരിഞ്ഞ് കഴിയുന്ന ഭാര്യയെ റോഡിൽവെച്ച് വെട്ടിക്കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഉദയംപേരൂർ മാങ്കായിക്കടവിന് സമീപം ചാത്തമ്മേൽ ഷാജിയുടെയും സിന്ധുവിന്റെയും മകൾ ശ്രീലക്ഷ്മിയെ (22) എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് തൃപ്പൂണിത്തുറ പൊയ്ന്തറ കോളനിയിൽ മലയിൽ വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന അഖിലാണ് (24) ആക്രമണം നടത്തിയത്.
അഖിലുമായി പിണങ്ങി ഹോസ്റ്റലിൽ താമസിക്കുന്ന ശ്രീലക്ഷ്മി സ്വന്തം വീട്ടിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം.
യുവതിയുടെ തലയ്ക്കു പുറകിലും പുറത്തും നെഞ്ചിലും കത്തികൊണ്ട് കുത്തേറ്റു. കരച്ചിൽകേട്ട് ഓടിക്കൂടിയ നാട്ടുകാർ വിവരം ഉദയംപേരൂർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് എസ്.കെ കെ.എ. ഷിബിന്റെ നേതൃത്വത്തിൽ പൊലീസെത്തി യുവതിയെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
പൊലീസ് പറയുന്നത്: കുറച്ചു വർഷങ്ങളായി അഖിലും ശ്രീലക്ഷ്മിയും അഖിലിന്റെ വീട്ടിൽ ആയിരുന്നു താമസം. മയക്കുമരുന്നിന് അടിമയായിരുന്ന അഖിലുമായി പിന്നീട് ശ്രീലക്ഷ്മി പിണങ്ങി. അതിനിടയിൽ മറ്റൊരു ക്രിമിനൽ കേസിൽ ശിക്ഷ കഴിഞ്ഞു മടങ്ങിയെത്തിയ അഖിൽ കഴിഞ്ഞ ആഴ്ച ഹോസ്റ്റലിൽ നിന്ന് ശ്രീലക്ഷ്മിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെങ്കിലും അവർ തിരികെ ഹോസ്റ്റലിലേക്ക് മടങ്ങി. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ശ്രീലക്ഷ്മി സ്വന്തം വീട്ടിലേക്കു പോകുന്നതിനിടയിൽ കടവിൽ തൃക്കോവിൽ തേരേയ്ക്കൽ ഒട്ടോളി റോഡിൽ വച്ച് അഖിലുമായി വാക്കുതർക്കമുണ്ടായി. ഒടുവിൽ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു ശ്രീലക്ഷ്മിയെ കുത്തുകയായിരുന്നു. തുടർന്ന് അഖിൽ ഓടി രക്ഷപെട്ടു. കുത്താനുപയോഗിച്ച കത്തി സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു
പിന്നീട് ശ്രീലക്ഷ്മിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. മജിസ്ട്രേട്ട് ആശുപത്രിയിലെത്തി ശ്രീലക്ഷ്മിയുടെ മൊഴിയെടുത്തു. പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.