കൊച്ചി: എളംകുളത്ത് വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നതിനിടെ കെ.എസ്.ഇ.ബി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ജോലിയുടെ ചുമതലയുണ്ടായിരുന്ന സബ് എൻജിനിയർ സാജുവിനെ സസ്‌പെൻഡ് ചെയ്‌തു. കെ.എസ്.ഇ.ബി നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടർന്നാണ് നടപടി. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ഇലക്‌ട്രിക്കൽ ഇൻസെപ്ക്‌ടറേറ്റും കടവന്ത്ര പൊലീസും അന്വേഷണം നടത്തുന്നുണ്ട്.

സാജു ചുമതലക്കാരനായിരുന്നുവെങ്കിലും സ്ഥലത്ത് പോയിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കരാർ തൊഴിലാളികൾ ലൈൻ ഓഫ് ചെയ്‌തത് മാറിപ്പോയതിനാലാണ് അപകടമുണ്ടായെന്നാണ് കണ്ടെത്തൽ.

എളംകുളം പള്ളിക്ക് സമീപം പോസ്‌റ്റ് മാറി ലൈൻ വലിക്കുന്നതിനിടെയാണ് കരാർ തൊഴിലാളിയായ ആലപ്പുഴ തുറവൂർ വളമംഗലം റജികുമാർ വൈദ്യുതാഘാതമേറ്റ് മരിച്ചത്. സുരക്ഷാബെൽറ്റ് ധരിച്ചിരുന്നെങ്കിലും വൈദ്യുതാഘാതമേറ്റ് റജികുമാർ കമ്പിയിൽ കുടുങ്ങിപ്പോയി.