# ദിവസവേതനം വർദ്ധിപ്പിക്കും

കൊച്ചി : വിവിധ ആവശ്യങ്ങളുന്നയിച്ച് സപ്ലൈകോ വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ തൊഴിലാളികൾ എറണാകുളം ഗാന്ധിനഗറിലെ സപ്ലൈകോ ഹെഡ് ഓഫീസിനുമുന്നിൽ നടത്തി വന്നിരുന്ന അനിശ്ചിതകാല സത്യഗ്രഹസമരം അവസാനിപ്പിച്ചു. ഭക്ഷ്യമന്ത്രി പി. തിലോത്തമനുമായി യൂണിയൻ നേതാക്കൾ നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. തൊഴിലാളികളുടെ ദിവസവേതനം വർദ്ധിപ്പിക്കാൻ ഓണത്തിന് മുൻപ് നടപടി സ്വീകരിക്കും. നിലവിലുള്ള തൊഴിലാളികളെ ആരെയും പിരിച്ചുവിടില്ല. യൂണിയൻ ആവശ്യപ്പെട്ടിട്ടുള്ള മറ്റു ആവശ്യങ്ങൾ തുടർചർച്ചകളിലൂടെ പരിശോധിച്ച് പരിഹരിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. സപ്ലൈകോ വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി ) പ്രസിഡന്റ് ജെ.ഉദയഭാനു, ജനറൽ സെക്രട്ടറി സുനിൽ മോഹൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ദിവസവേതനക്കാരെയും പാക്കിംഗ് തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക, മിനിമം വേതനം 600 രൂപയാക്കുക,തൊഴിലാളി വിരുദ്ധ ഉത്തരവുകൾ പിൻവലിക്കുക, പെൻഷൻ, ഗ്രാറ്റുവിറ്റി, പ്രസവകാല ആനുകൂല്യങ്ങൾ എന്നിവയും ഈ വിഭാഗം തൊഴിലാളികൾക്കും നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കഴിഞ്ഞ 10 മുതൽ ഹെഡ് ഓഫീസിനുമുന്നിൽ അനശ്ചിതകാല സത്യഗ്രഹ സമരം നടത്തിവന്നിരുന്നത്.
ഇന്നലെ നടന്ന സമരം എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. മല്ലിക ഉദ്ഘാടനം ചെയ്തു. നേതാക്കളായ ജോൺ ലൂക്കോസ്, എം.പി രാധാകൃഷ്ണൻ, എ.വി ഉണ്ണിക്കൃഷ്ണൻ, കുമ്പളം രാജപ്പൻ, കെ.വി വിനുലാൽ, കെ.പി ലാൽ എന്നിവർ സംസാരിച്ചു. മലപ്പുറത്തുള്ള പ്രവർത്തകരാണ് സമരത്തിൽ പങ്കെടുത്തത്. ചർച്ചകളെത്തുടർന്ന് സമരത്തിന്റെ സമാപന സമ്മേളനം എ.ഐ.ടി.യു.സി വർക്കിംഗ് കമ്മിറ്റി അംഗം പി.എ. ജിറാർ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കമല സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.