കൊച്ചി: കേരളത്തിൽ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ രണ്ട് മാസത്തിലധികമായി ബസ് വ്യവസായത്തെ തകർക്കുന്ന മോട്ടോർവാഹന വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് 24 മുതൽ കേരളത്തിലേക്കുള്ള മുഴുവൻ അന്തർ സംസ്ഥാന ബസ് സർവീസുകളും നിറുത്തിവയ്ക്കുമെന്ന് എ.ബി.ഒ.എ സംസ്ഥാന കമ്മിറ്റി അറിയിച്ചു. കാലഹരണപ്പെട്ട 1988ലെ മോട്ടോർ വാഹന നിയമത്തിലെ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പേരിൽ അന്തർ സംസ്ഥാന ബസുകളിൽ നിന്ന് ദിവസേന 10,000 രൂപ പിഴയിനത്തിൽ കൊള്ളയടിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗതവകുപ്പ് മന്ത്രി അടക്കമുള്ളവരുമായി നിരവധി ചർച്ചകൾ നടത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് സർവീസുകൾ നിർത്തിവെയ്ക്കാൻ തീരുമാനിച്ചത്. കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബസുകൾ നികുതി അടയ്ക്കാതെ ജി ഫോം നൽകുന്നതിനും അന്യ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങൾ കേരളത്തിന്റെ റോഡ് നികുതി അടയ്ക്കാതെയും പ്രതിഷേധിക്കും.
പതിനായിരക്കണക്കിന് യാത്രക്കാരെയും ആയിരക്കണക്കിന് ജീവനക്കാരെയും വഴിയാധാരമാക്കുന്ന ഈ നടപടി തിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്ന് ഐ.ബി.ഒ.എ സംസ്ഥാന പ്രസിഡന്റ് മനോജ് പടിക്കൽ, സെക്രട്ടറി എ.ജെ റിജാസ്, ട്രഷറർ മനീഷ് ശശിധരൻ എന്നിവർ ആവശ്യപ്പെട്ടു.