കൊച്ചി: രേഖകളില്ലാതെ എറണാകുളത്ത് കൊണ്ടുവന്ന രണ്ടരക്കിലോ സ്വർണം സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം പിടികൂടി. എം.ജി റോഡിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട ആന്ധ്ര സ്വദേശികളായ സയ്യിദ് ജലാൽ (49), മുഷ്താഖ് അഹമ്മദ് (36) എന്നിവരിൽനിന്നാണ് സ്വർണം പിടികൂടിയത്. ഇവരുടെ പക്കലുണ്ടായ രണ്ടു ബാഗുകളിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. ഇതിന് 90 ലക്ഷം വിലമതിക്കുമെന്നാണ് കണക്കുകൂട്ടൽ. ഈ സ്വർണാഭരണങ്ങൾ ജ്വല്ലറികളിൽ വിതരണം ചെയ്യാനെത്തിച്ചതാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം എറണാകുളം അസിസ്റ്റന്റ് കമീഷണർ ജോൺസൺ ചാക്കോയുടെ നിർദേശപ്രകാരം സ്‌ക്വാഡ് നമ്പർ 5 ഓഫീസർ എൻ. രാജഗോപാൽ, ഇൻസ്‌പെക്ടർമാരായ എം.പി ബിനോയ്, കെ.ജെ മനോജ്, പി. ഗിരിഷാ, കെ.എസ് ബാബു എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.