കാലടി: അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ കാലടി - മലയാറ്റൂർ റോഡ് നവീകരിക്കുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് ബന്ധപ്പെട്ടവർ നടപ്പിലാക്കത്തതിൽ മലയാറ്റൂർ റോഡ് ആക്ഷൻ കൗൺസിൽ പ്രതിക്ഷേധിച്ചു. 2016 ൽ നീലിശ്വരം മുൻ ഗ്രാമപഞ്ചായത്ത് മെമ്പറും , ആക്ഷൻ കൗൺസിൽ പ്രസിഡന്റുമായ റ്റി.ഡി.സ്റ്റീഫൻ നൽകിയ പൊതുതാൽപ്പര്യ ഹർജിയിന്മേൽ 20l9 മാർച്ച് 17 ന് കേരള ഹൈക്കോടതി അനുകൂല വിധി പ്രഖ്യാപിച്ചിരുന്നു.രണ്ട് മാസങ്ങൾക്കുള്ളിൽ വിധിയിൽ നടപടിയെടുക്കുന്നതിന് കോടതി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി, എന്നാൽ ഇലക്ഷൻ തിരക്ക് മൂലം വിധിയുടെ പകർപ്പ് കളക്ടർ എഡിഎമ്മിന് കൈമാറി. രണ്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഒരു യോഗം പോലും വിളിച്ച് ചേർക്കാർ അധികൃതർ തയ്യാറായിട്ടില്ലെന്ന് ആക്ഷൻ കൗൺസിൽ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. കോടതി അനുവദിച്ച സമയം കഴിഞ്ഞിട്ടും പരാതിക്കാരനെ വിളിപ്പിക്കാനോ, നോട്ടീസ് അയക്കാനോ സാധിക്കാത്തതിനാൽ വീണ്ടും കോടതിയെ സമീപിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.കാലടി മുതൽ മലയാറ്റൂർ അടിവാരം വരെയുള്ള പത്ത് കിലോമീറ്റർ ദൂരമുള്ള റോഡിന്റെ ഇരുവശങ്ങങളിലെയും പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി വീതി കൂട്ടി, കാനകൾ നിർമ്മിച്ച് ,വൈദ്യുതി, ടെലഫോൺ പോസ്റ്റുകൾ നീക്കം ചെയ്ത് ഉന്നത നിലവാരത്തിൽ റോഡിന്റെ നിർമ്മാണം നടത്തണമെന്ന ആവശ്യമാണ് കോടതി പരിഗണിച്ചത്.2015 മുതൽ 2019 വരെയുള്ള കാലയളവിൽ ഈ റൂട്ടിൽ 88 റോഡപകടങ്ങളും 9 അപകട മരണങ്ങളും, കൈയേറ്റങ്ങളും കോടതിയിൽ ഹാജരാക്കിയെന്ന് ഇവർ പറഞ്ഞു. 2015-ൽ 9 കോടി രൂപ ചിലവാക്കിയാണ് റോഡ് ടാറിംഗ് നടത്തിയത്.ഈ നടപടിക്കെതിരെ ആക്ഷൻ കൗൺസിൽ കാലടി റോഡിൽ ശയനപ്രദക്ഷിണം നടത്തി പ്രതിക്ഷേധിച്ചിരുന്നു.കൂടാതെ 2001 ൽ 1 കോടി, കാന നിർമ്മാണം 17 ലക്ഷം, പുറബോക്ക് സർവേ 7 ലക്ഷം, 2012 ൽ മെയിറ്റനൻസ് 85 ലക്ഷം, 2012 ൽ പുറമ്പോക്ക് അളവ് എം എൽ എ ഫണ്ട് 8 ലക്ഷം, 2012 ൽ തന്നെ നവീകരണം 85 ലക്ഷം, എന്നിങ്ങിനെയാണ് ചിലവുകൾ.
കാലടി, മലയാറ്റൂർ ഗ്രാമപഞ്ചായത്തുകൾ, പി ഡബ്ല്യുഡി, കെ എസ് ഇ ബി ,ബി.എസ്.എൻ.എൽ എന്നിവരാണ് എതിർകക്ഷികൾ. വാർത്താ സമ്മേളനത്തിൽ റ്റി.ഡി.സ്റ്റീഫൻ ,നെൽസൺ മാടവന, കരിം മീരാ ൻ എന്നിവർ പങ്കെടുത്തു.