പിരിച്ചുവിടൽ നീക്കം ചിലരുടെ ഗൂഢാലോചന
കൊച്ചി : അഴിമതിക്കെതിരെ പോരാടിയതിന് ചീഫ് സെക്രട്ടറി ഉൾപ്പെടെ തനിക്കെതിരായെന്നും സിവിൽ സർവീസിൽ നിന്ന് തന്നെ പിരിച്ചുവിടാനുള്ള നീക്കത്തിന് പിന്നിൽ അഴിമതി പുറത്തു വരാതിരിക്കാനുള്ള ചിലരുടെ ഗൂഢാലോചനയാണെന്നും അഡിഷണൽ ചീഫ് സെക്രട്ടറി രാജു നാരായണസ്വാമി പറഞ്ഞു.
തന്നെ പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ശുപാർശ ചെയ്തെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിരിച്ചു വിടാൻ നീക്കമുണ്ടായാൽ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് സെക്രട്ടറി ടോം ജോസിന്റെ ഐ.എ.എസ് നിയമവിരുദ്ധമാണെന്ന് താൻ പറഞ്ഞിരുന്നു. കേസ് നടക്കുകയാണ്. കോടതി തീരുമാനിക്കട്ടെ. ഭൂമിയിടപാടിന്റെ വിവരങ്ങൾ തനിക്കറിയാമെന്ന് അദ്ദേഹത്തിന് അറിയാമായിരിക്കും. അദ്ദേഹം ഭയപ്പെടുന്നുണ്ടാകാം. അഴിമതിക്കാർക്ക് തന്നെ ഭയമുണ്ടാകും. തനിക്ക് ആരെയും ഭയമില്ല. കരങ്ങൾ ശുദ്ധമാണ്.
പിരിച്ചുവിടാനുള്ള നടപടിയെക്കുറിച്ച് മാദ്ധ്യമങ്ങൾ വഴി അറിഞ്ഞതേയുള്ളൂ. പിരിച്ചുവിടാൻ ചില നടപടിക്രമങ്ങളുണ്ട്. ആദ്യം നോട്ടീസ് നൽകണം. വിശദീകരണം ചോദിക്കുകയോ നോട്ടീസ് നൽകുകയോ ചെയ്‌തിട്ടില്ല. നോട്ടീസ് കിട്ടിയാൽ നിയമവിദഗ്ദ്ധരുമായും അഖിലേന്ത്യാതലത്തിൽ അഴിമതിക്കെതിരെ പോരാടുന്ന ഉദ്യോഗസ്ഥരുമായും ആലോചിക്കും.
നാലുമാസമായി ശമ്പളമില്ല
നാലുമാസമായി ശമ്പളം ലഭിക്കുന്നില്ല. താൻ അവിടെയുമില്ല, ഇവിടെയുമില്ലെന്ന അവസ്ഥയിലാണ്. സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ ഉത്തരവിനുശേഷം ശമ്പളം ലഭിക്കുമായിരിക്കും. അതിന് സമയം പിടിക്കും.
സഞ്ജീവ് ഭട്ടിനെതിരായ കേസും എറണാകുളം സെൻട്രൽ സി.ഐയായിരുന്ന നവാസിനുണ്ടായ ദുരനുഭവവും അഴിമതിക്കെതിരായ നിലപാടുമായി ബന്ധപ്പെട്ടതാണ്. വല്ലാത്തൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എല്ലാവരും പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കൽ ദൗത്യവും തനിക്കെതിരായ നടപടിയും തമ്മിൽ ബന്ധമുണ്ടെന്ന് കരുതുന്നില്ല. ഓരോ നടപടിയും മനഃസാക്ഷിയനുസരിച്ച് സത്യസന്ധമായി ചെയ്യുകയാണ് പതിവ്. ഇത്രയും കാലത്തെ സർവീസിനിടയിൽ ഒരു വിജിലൻസ് കേസാണ് തനിക്കെതിരെ എടുത്തത്. ഇ.കെ. ഭരത്‌ഭൂഷൺ എടുപ്പിച്ചതാണ്. ആരോപണം തെറ്റാണെന്ന് വിജിലൻസ് തന്നെ റിപ്പോർട്ട് നൽകിയിരുന്നു. ഒരു കേസുമില്ലാത്ത തന്നോട് സർക്കാർ ഇങ്ങനെ കാണിക്കുന്നത് കഷ്ടമാണ്. മുഖ്യമന്ത്രി അദ്ധ്യക്ഷനായ സമിതിയാണ് തീരുമാനിച്ചതെന്നതിൽ വിഷമമുണ്ട്.
താൻ ജോലിയിൽ നിന്ന് മാറിനിൽക്കുന്നെന്ന പ്രചാരണം ശരിയല്ല. നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തു നിന്ന് മാർച്ചിൽ തന്നെ ഒഴിവാക്കിയിരുന്നു. ഒരു പദവിയിൽ നിന്ന് ഐ.എ.എസുകാരനെ ഒഴിവാക്കാൻ മുൻകൂർ അറിയിപ്പ് നൽകണമെന്നാണ് ചട്ടം. അതുണ്ടായില്ല. അതിനെതിരെ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഹർജി നൽകിയതിനാലാണ് സംസ്ഥാന സർവീസിൽ ചേരാതിരുന്നത്. അക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു.