കൊച്ചി: ആയുഷ്‌കാല സമ്പാദ്യം മുടക്കി നിർമ്മിച്ച കൺവെൻഷൻ സെന്ററിന് ലൈസൻസ് നൽകാത്തതിൽ മനംനൊന്ത് പ്രവാസിയായ പാറയിൽ സാജൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കണ്ണൂരിലെ ആന്തൂർ നഗരസഭാ അധികൃതരെ നിശിതമായി വിമർശിക്കുകയും സർക്കാരിനോട് സമഗ്രമായ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്‌തു.
സർക്കാർ മൂന്നാഴ്ചയ്‌ക്കകം സത്യവാങ്മൂലം നൽകണമെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. ആന്തൂർ നഗരസഭാ സെക്രട്ടറി, കണ്ണൂർ ജില്ലാ ടൗൺ പ്ളാനർ, തദ്ദേശഭരണ വകുപ്പ് സെക്രട്ടറി എന്നിവർക്ക് നോട്ടീസ് നൽകാനും കോടതി നിർദ്ദേശിച്ചു. മൂന്നാഴ്ച കഴിഞ്ഞു കേസ് വീണ്ടും പരിഗണിക്കും.
ആന്തൂർ നഗരസഭാ അധികൃതർ വിവേകരഹിതമായ നിലപാടിലൂടെ ഒരു പ്രവാസി നിക്ഷേപകനെ മരണത്തിലേക്ക് തള്ളിവിട്ടത് ദൗർഭാഗ്യകരമാണെന്ന് കോടതി പറഞ്ഞു. സംഭവത്തിന്റെ സത്യം പുറത്തു വരണം. അതിന് സർക്കാർ അന്വേഷണം അനിവാര്യമാണ്. പെർമിറ്റിന്റെ അടിസ്ഥാനത്തിൽ പണിത കെട്ടിടത്തിന് ലൈസൻസ് കിട്ടാനായി നിക്ഷേപകനെ അധികൃതർ നെട്ടോട്ടമോടിച്ചു. നിക്ഷേപകനെ ശ്വാസം മുട്ടിച്ചു.
നിക്ഷേപകരെ വട്ടംകറക്കുന്ന സംഭവങ്ങൾ ധാരാളമുണ്ട്. ഇത് അസഹനീയമാണ്. നഗരസഭാ അധികൃതരുടെ രാഷ്ട്രീയ കിടമത്സരമാണ് ഇതിനു കാരണമെന്ന് മാദ്ധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. യഥാർത്ഥത്തിൽ സംഭവിച്ചതെന്താണെന്ന് കോടതിക്ക് അറിയണം. മനഃപൂർവം സർട്ടിഫിക്കറ്റ് നൽകാത്തതാണോ അകാരണമായി വൈകിയതാണോയെന്ന് കണ്ടെത്തണം. ഇത്തരം സംഭവങ്ങൾ കേരളത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് എന്തു സന്ദേശമാണ് നൽകുന്നതെന്ന് സർക്കാർ വിലയിരുത്തണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ജൂൺ 20 ലെ പത്രറിപ്പോർട്ടുകളെത്തുടർന്ന് രജിസ്ട്രാർ ജനറലാണ് വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് ചീഫ് ജസ്റ്റിസ് സ്വമേധയാ ഇൗ വിഷയം ഹർജിയായി പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഹൈക്കോടതി വാക്കാൽ പറയുന്നു
മരിച്ചയാളെ തിരിച്ചുകൊണ്ടുവരാനാവില്ല. ഇൗ സംഭവം ഉൾക്കൊണ്ട് സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണം. അപേക്ഷകളിൽ അധികൃതർ തീരുമാനമെടുക്കുന്നില്ലെന്നാരോപിച്ച് നിരവധി ഹർജികൾ വരുന്നുണ്ട്. ഇത്തരം കേസുകളിലെ അപൂർവ സാഹചര്യമാണിത്. ഇത്തരം സംഭവങ്ങൾ സംരംഭകർക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്. നിക്ഷേപകൻ അനുമതികൾക്കായി നെട്ടോട്ടമോടേണ്ടി വരുന്നത് നിക്ഷേപങ്ങളെ ബാധിക്കും.
അപേക്ഷകളിൽ സമയബന്ധിതമായി അനുകൂല തീരുമാനം എടുക്കുകയോ തള്ളിക്കളയുകയോ ചെയ്യണം. തീരുമാനമെടുക്കാതെ മൗനം പാലിക്കുന്നത് ഗുരുതരമായ തെറ്റാണ്.
സമഗ്രമായ വിശദീകരണം വേണം
ആന്തൂർ നഗരസഭയും പ്രവാസി വ്യവസായിയും തമ്മിലുണ്ടായ ആശയവിനിമയവും സർക്കാർ വിശദീകരിക്കണം.