കൊച്ചി : കാസർകോട് കേന്ദ്ര സർവകലാശാല പ്രൊ. വൈസ് ചാൻസലർ ഡോ. ജയപ്രസാദിന് മതിയായ യോഗ്യതയില്ലാത്തതി​നാൽ ഇൗ പദവിയിൽ തുടരുന്നതു തടയണമെന്നാവശ്യപ്പെട്ട് നീലേശ്വരം സ്വദേശി വി.പി ദിനേഷ് കുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. നേരത്തെ ഈആവശ്യവുമായി മറ്റൊരു ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയിൽനൽകി​യ ഹർജി പിൻവലിച്ചി​രുന്നു. ഡോ. ജയപ്രസാദിന് മതിയായ യോഗ്യതയില്ലെന്ന ആരോപണത്തിൽ സുപ്രീം കോടതി നേരത്തെ ഇടപെട്ടില്ലെന്നതു കൂടി കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ദിനേഷ് കുമാറിന്റെ ഹർജി തള്ളിയത്. യു.ജി.സി വ്യവസ്ഥകൾ പ്രകാരം പ്രൊഫസറായി നിയമിക്കാൻ വേണ്ട യോഗ്യതകൾ ഡോ. ജയപ്രസാദിനില്ലെന്നിരിക്കെ അദ്ദേഹത്തെ 2015 നവംബറിൽ അസോസിയേറ്റ് പ്രൊഫസറായും പിന്നീട് പ്രൊഫസറായും കേന്ദ്ര സർവകലാശാലയിൽ നിയമിച്ചെന്നും ഇതിനുശേഷം പ്രൊ വി.സിയാക്കിയെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. 2015 ലെ നിയമനത്തിനെതിരെ ഹർജിക്കാരൻ കഴിഞ്ഞ മാർച്ച് ഏഴിനാണ് പരാതി നൽകിയതെന്നും ഹൈക്കോടതി വിലയിരുത്തി. ഇൗ വസ്തുതകൾ കണക്കിലെടുത്താണ് ഹർജി തള്ളിയത്.