കൊച്ചി : ചെല്ലാനത്ത് കടലാക്രമണം നേരിടാൻ തീരസുരക്ഷ അടിയന്തരമായി ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത നാട്ടുകാർക്കെതിരെ പൊലീസ് ക്രിമിനൽ കേസെടുത്തതിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രതിഷേധിച്ചു. പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന സമരത്തിൽ ഒരു ഉദ്യോഗസ്ഥനെപ്പോലും സമരക്കാർ തടഞ്ഞില്ല. തടഞ്ഞതായി പഞ്ചായത്ത് ഉദ്യോഗസ്ഥർ പരാതി നൽകിയിട്ടുമില്ല. എന്നിട്ടും ഉദ്യോഗസ്ഥരെ തടഞ്ഞെന്നും ഭീഷണിപ്പെടുത്തി ജോലി തടസപ്പെടുത്തിയെന്നും പറഞ്ഞ് കേസെടുത്തത് ശരിയല്ല. വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ കടൽഭിത്തി തകരാൻ ഇടയാക്കുകയും ജനങ്ങളുടെ ജീവന് ഭീഷണി ഉണ്ടാക്കുകയും സ്വത്തുവകകൾ നശിക്കുന്നതിന് കാരണമാവുകയും ചെയ്ത അധികാരികൾക്കെതിരെയാണ് അശ്രദ്ധയ്ക്കും കൃത്യവിലോപം വരുത്തിയതിനും ക്രിമിനൽ കേസെടുക്കേണ്ടതെന്ന് കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവർ പറഞ്ഞു.