അയൽസംസ്ഥാനങ്ങളിൽ നിന്ന് മത്സ്യം
ഗുണമേന്മാ പരിശോധന ശക്തം
കൊച്ചി: "മിസ്റ്റർ മത്തി, താങ്കൾ വന്ന വഴി മറക്കരുത്. ഒരുകാലത്ത് നിന്നെ എല്ലാവരും മാറ്റിനിറുത്തിയപ്പോൾ മാറോടണച്ച പാവങ്ങൾക്ക് നീ അപ്രാപ്യമാകരുത്. നീ ഇല്ലെങ്കിൽ ഒരുപാട് സാധുക്കൾക്ക് മീനേ ഇല്ലെന്ന സത്യം നീ തിരിച്ചറിയണം." കാര്യം സോഷ്യൽ മീഡിയയിലെ ട്രോളാണെങ്കിലും മലയാളിയുടെ മനസാണ് അതിൽ. സാധാരണക്കാരുടെ മത്സ്യമായിരുന്ന മത്തിയും രണ്ടാം സ്ഥാനക്കാരനായ അയലയുമെല്ലാം തീൻമേശയിലെ വിലയേറിയ മത്സ്യവിഭവങ്ങളാവുകയാണ്. കിലോയ്ക്ക് മുന്നൂറു രൂപയ്ക്ക് അടുത്താണ് രണ്ടിനും വില. ട്രോളിംഗ് നിരോധനം ആയതിനാൽ മറ്റു മീനുകളെ കണ്ടുകിട്ടാനുമില്ല. ആശ്വാസം പിലോപ്പിയ പോലുള്ള കായൽ മത്സ്യങ്ങളാണ്.
കേരളത്തിലെ മത്സ്യത്തൊഴിലാളികൾ വലവീശിയത് മത്തി, അയല, നത്തോലി, വറ്റ തുടങ്ങിയ ഉപരിതല മത്സ്യങ്ങൾക്കായാണ്. വലയിൽ കുടുങ്ങിയതിൽ 51 ശതമാനം മത്തിയും. അതുകൊണ്ടാണ് ഇവ പ്രധാന മത്സ്യവിഭവങ്ങളായതും.
2012 ലെ കൂടിയ മത്സ്യബന്ധനത്തിന് ശേഷം കുത്തനെയിടിവാണ് മത്തിയുടേതടക്കം മത്സ്യോത്പാദനത്തിൽ കേരളത്തിലെ തീരക്കടലിലുണ്ടായത്. . ഇവിടെ കിട്ടിക്കൊണ്ടിരുന്ന നെയ്‌മത്തിയോട് സാദൃശ്യവും രുചിയുമുള്ള മത്തി തമിഴ്നാട് തീരത്ത് കൂടുതൽ കാണാൻ തുടങ്ങിയിട്ടുണ്ട്. മാർക്കറ്റിൽ കിട്ടുന്ന നാടൻ മത്തിയെന്ന ടാഗിൽ വരുന്നതിലേറെയും തമിഴ്നാട്ടിലെ നാഗപട്ടണം, കടലൂർ, രാമേശ്വരത്തിനടുത്തുള്ള പറങ്കിപ്പേട്ട എന്നിവിടങ്ങളിൽ നിന്ന് എത്തിക്കുന്നതാണ്. വൈപ്പിനിലെ കാളമുക്ക് അടക്കമുള്ള പ്രധാന ഹാർബറിൽ ഇവയെത്തിച്ചാണ് നാടൻ മത്തിയെന്ന പേരിൽ വില്പനയ്ക്കായി വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നത്. നാടൻ ടാഗ് ഉള്ളതുകൊണ്ടാണ് ഇവയ്ക്ക് 300 രൂപ വിലയും.
മീൻ പരിശോധനയും ശക്തമാക്കി
അതേസമയം, അയൽ സംസ്ഥാനങ്ങളിൽ നിന്ന് വീണ്ടും മത്സ്യമെത്താൻ തുടങ്ങിയതോടെ ഭക്ഷ്യസുരക്ഷാ അതോറിട്ടി പരിശോധനയും കർശനമാക്കി. ഓപ്പറേഷൻ സാഗർ റാണി രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് പരിശോധന. പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ഇവയുടെ സാമ്പിൾ കാക്കനാട്ടെ റീജിണൽ അനലെറ്റിക്കൽ ലാബിൽ വിദഗ്ധ പരിശോധനയ്ക്കായി നൽകിയിരിക്കുകയാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം.
"ഇന്നലെ വെളുപ്പിനെ ചമ്പക്കര മാർക്കറ്റിൽ പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല. വരുംദിവസങ്ങളിലും ജില്ലയിലാകെ പരിശോധന തുടരും."
ജേക്കബ് തോമസ്
ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ
മീൻവില
മത്തി- 260
അയല- 280
നങ്ക് - 320
കിളിമീൻ- 260
ചൂര - 250
പിലോപ്പിയ - 200
തിരിയാൻ- 180
വെള്ളം ചൂടായി, മത്തി അടുത്തില്ല
കാലവർഷത്തിൽ മത്തിയുടെ പ്രജനനത്തിനും കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലെ തീരക്കടലിൽ . തീരത്തോടടുത്ത കടലിൽ വെള്ളം തണുക്കുമ്പോഴാണ് മത്തി പ്രജനനത്തിനായി എത്താറുള്ളത്. കടലിലെ അപ്‌വെൽ പ്രതിഭാസത്തിൽ അടിത്തട്ട് ഇളകി മുകളിലേക്ക് വരുന്നതിനൊപ്പം ആവശ്യമായ പോഷകഘടകങ്ങളും ഉപരിതലത്തിലെത്തി മത്തിക്ക് ഭക്ഷണമായി മാറുകയും ചെയ്യും.ഇത്തവണ ശാന്തമഹാസമുദ്രത്തിലെ എൽനിനോ പ്രതിഭാസം കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. എൽനിനോ കാരണം കടലിലെ വെള്ളം ചൂടായതിനാൽ ഇത്തവണ മത്തി കേരളതീരത്ത് അടുത്തില്ലെന്നും പ്രജനനം നടന്നില്ലെന്നുമാണ് വിദഗ്ദ്ധർ പറയുന്നത്