yoga
അന്താരാഷ്ട്ര യോഗദിനത്തിൽ റാക്കാട് വ്യാസ വിദ്യാലയത്തിലെ കുട്ടികളുടെ യോഗാ പ്രദർശനം

മൂവാറ്റുപുഴ: അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ഹെഡ് പോസ്റ്റോഫീസിൽ സംവർത്തിക ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെ യോഗാദിനം ആചരിച്ചു. പോസ്റ്റ് മാസ്റ്റർ ജി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യോഗ പരിശീലക രശ്മി പ്രദീപ് ക്ലാസെടുത്തു. തുടർന്ന് പോസ്റ്റോഫീസ് ജീവനക്കാർക്കായി സോദാഹരണ യോഗ അവതരണവും നടത്തി.

റാക്കാട് വ്യാസ വിദ്യാലയത്തിൽ അന്താരാഷ്ട്ര യോഗദിനാചരണത്തിൽ ആർട് ഓഫ് ലിവിംഗ് യോഗാദ്ധ്യാപികയും ഹാപ്പിനസ് പ്രോഗ്രാം പ്രവർത്തകയുമായ ബിന്ദു സോമശേഖരൻ മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ പ്രധാന അദ്ധ്യാപകൻ കെ.ഇ. സജീവ്കുമാർ സ്വാഗതം പറഞ്ഞു. യോഗാദ്ധ്യാപിക സുധ വിജയൻ കുട്ടികളുടെ യോഗാപ്രദർശനത്തിന് നേതൃത്വം നൽകി. വിദ്യാലയ സമതി പ്രസിഡന്റ് രാജമ്മ ശശിധരൻ, മാനേജർ കെ.ജി. മനോജ് , പി. ശോഭന എന്നിവർ സംസാരിച്ചു.

നിർമല കോളേജ് എൻ.സി.സി യൂണിറ്റിന്റെയും യോഗാക്ലബിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനാചരണം നടത്തി. യോഗാചാര്യൻ പോൾ മഠത്തിക്കണ്ടത്തിൽ വിശിഷ്ടാതിഥിയായി. യോഗാദിനാചരണം കോളേജ് പ്രിൻസിപ്പൽ ഡോ. ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. ഡോ. ജോർജ് ജെയിംസ് സ്വാഗതം പറഞ്ഞു. കോളേജിലെ എൻ.സി.സി കേഡറ്റ്സും യോഗക്ലബിലെ വിദ്യാർത്ഥികളും പരിശീലനത്തിൽ പങ്കെടുത്തു. കോളേജ് എൻ.സി.സി ഓഫീസർ പ്രൊഫ. എബിൻ വിൽസൻ , അൻസൽ സാലിം, അഭിരാം മനോജ്,സ്റ്റെല്ലാ ജോൺസൺ, അമൽ എന്നിവർ നേത്യത്വം നൽകി.