അങ്കമാലി :നിയോജകമണ്ഡലത്തിലെ വിവിധ കുളങ്ങളുടേയും, തോടുകളുടേയും, ജലസേചനപദ്ധതികളുടേയും നവീകരണത്തിന് 3.10 കോടി രൂപ അനുവദിച്ചതായി റോജി എം. ജോൺ എം.എൽഎ അറിയിച്ചു.
മലയാറ്റൂർ പഞ്ചായത്തിലെ കൊറ്റമം തോട് ജലസേചനപദ്ധതിക്ക് 45 ലക്ഷം, അങ്കമാലി മാഞ്ഞാലി തോടിന് മാലിന്യങ്ങൾ നീക്കം ചെയ്യുവാൻ 40 ലക്ഷം, കറുകുറ്റി പഞ്ചായത്തിലെ പറക്കാട്ടുകുളത്തിൻറെ നവീകരണത്തിന് 16 ലക്ഷം, കാലടി പഞ്ചായത്തിലെ പാണ്ടൻ ചിറയുടെ നവീകരണത്തിന് 15.68 ലക്ഷം, മലയാറ്റൂർ, കാലടി പഞ്ചായത്തുകളിൽ പെരിയാറിനോട് ചേർന്ന് മണ്ണിടിഞ്ഞ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടുവാൻ 45 ലക്ഷം, പാറക്കടവ് നമ്പർ വൺ ലിഫ്റ്റ് ഇറിഗേഷന് 45 ലക്ഷം, പാറക്കടവ് നമ്പർ 2 ലിഫ്റ്റ് ഇറിഗേഷന് 27 ലക്ഷം, എരയാംകുടി ലിഫ്റ്റ് ഇറിഗേഷന് 8.97 ലക്ഷം, പൂവത്തുശ്ശേരി ലിഫ്റ്റ് ഇറിഗേഷന് 24 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിക്കപ്പെട്ടിരിക്കുന്നത്.