ആലുവ: ചൂണ്ടി ജംഗ്ഷൻ വികസനം അനിശ്ചതത്വത്തിലായതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിക്കാത്തതും ഒരു വിഭാഗം വ്യാപാരികൾ പെരിയാർവാലി കനാൽ കൈയ്യേറി കടകൾ സ്ഥാപിച്ചതുമാണ് ഗതാഗതകുരുക്കിന് മുഖ്യകാരണം. ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിക്കാത്തതും ഒരു വിഭാഗം വ്യാപാരികൾ പെരിയാർവാലി കനാൽ കൈയ്യേറി കടകൾ സ്ഥാപിച്ചതുമാണ് ഗതാഗതകുരുക്കിന് മുഖ്യകാരണം.ചുണങ്ങം വേലി മുതൽ ചൂണ്ടിവരെ എത്താൻ ഒരു മിനിറ്റ് മാത്രം എടുത്തിരുന്നെങ്കിൽ ഇപ്പോൾ 30 മിനിറ്റോളം വേണ്ടിവരുന്നെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു.
പെരുമ്പാവൂർ റൂട്ടിൽ നിന്നും കിഴക്കമ്പലം റൂട്ടിൽ നിന്നും ബസുകൾ സംഗമിക്കുന്നത് ചുണ്ടി ജംഗ്ഷനിലാണ്. ചൂണ്ടി ജംഗ്ഷനിൽ ബസ് നിർത്തുന്ന സ്ഥലം രണ്ട് സ്ഥലത്തായി തീരുമാനിച്ചാൽ ഗതാഗത തടസ്സം ഒഴിവാക്കാനാകുമെന്ന് പ്രദേശവാസികൾ പറയുന്നു. ആലുവയിൽ നിന്ന് വരുന്ന ബസുകളുടെ സ്റ്റോപ്പുകളും ഇതനുസരിച്ച് മാറ്റണമെന്നും അഭിപ്രായമുണ്ട്. ഭാരത് മാത ലോ കോളേജ്, ഭാരത് മാത ആർട്‌സ് ആൻഡ് സയൻസ് കോളേജ്, വില്ലേജ് ഓഫീസ്, വെയർഹൗസ്, ബീവറേജ് കോർപ്പറേഷൻ ഗോഡൗൺ തുടങ്ങിയ സ്ഥാപനങ്ങൾ ഈ മേഖലയിലാണ്. ചുണങ്ങംവേലി രാജഗിരി ആശുപത്രിയിലേക്ക് പോകുന്ന രോഗികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരുന്ന വിദ്യാർത്ഥികളും പലപ്പോഴും ഗതാഗതക്കുരുക്കിൽ പെടുകയാണ്.
ഇതിനിടയിൽ പെരുമ്പാവൂർ റോഡിൽ ചൂണ്ടിൽ വെയർഹൗസ്, ബീവറേജ് കോർപ്പറേഷൻ ഗോഡൗൺ എന്നിവിടങ്ങളിലേക്ക് വരുന്ന വലിയ ചരക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും കാൽനട യാത്രക്കാർക്ക് പോലും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
#ഒഴിപ്പിക്കൽ നോട്ടീസിന് പുല്ല് വില
പൊതുമരാത്ത് റോഡിൽ ഒരു ഭാഗം പെരിയാർവാലി കനാൽ ആയിരുന്നു. എന്നാൽ ഇപ്പോൾ കനാൽ തീരം കൈയ്യേറി ഇറച്ചിക്കടകളും മറ്റും സ്ഥാപിച്ചതോടെ കാൽന യാത്രക്ക് പോലും സൗകര്യമില്ലാതെയായി. രണ്ട് വട്ടം പെരിയാർ വാലി ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നെങ്കിലും രാഷ്ട്രീയ സ്വാധീനത്തിൽ എല്ലാം നിലച്ചു. ചില സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോഴാണ് പെരിയാർ വാലി കൈയ്യേറ്റക്കാർക്ക് നോട്ടീസ് നൽകിയത്.