malinyam
അശോകപുരം കൊച്ചിൻബാങ്ക് കവലക്ക് സമീപം ട്രാൻസ്ഫോർമറിന് അരികിലെ മാലിന്യകൂമ്പാരം

ആലുവ: അശോകപുരം കൊച്ചിൻബാങ്ക് കവലക്ക് സമീപം ട്രാൻസ്ഫോർമറിന് അരികിൽ ദുർഗന്ധം പരത്തി മാലിന്യകൂമ്പാരം. കാൽനട യാത്രക്കാർക്ക് മൂക്കുപൊത്താതെ പോകാനാവാത്ത അവസ്ഥയാണ്. അത്രയേറെ ദുർഗന്ധമാണെന്ന് നാട്ടുകാർ പറയുന്നു.

ചീഞ്ഞളിഞ്ഞ ഭക്ഷ്യവസ്തുക്കളും അറവുശാല മാലിന്യങ്ങളുമെല്ലാം പ്ളാസ്റ്റിക്ക് കവറുകളിലാക്കി തള്ളിയിരിക്കുകയാണ്. രാത്രിയുടെ മറവിലാണ് മാലിന്യം തള്ളുന്നതെന്ന് സമീപത്തെ കച്ചവടക്കാർ പറയുന്നു. കൊച്ചിൻ ബാങ്ക് കവലയിൽ നിരവധി കച്ചവട സ്ഥാപനങ്ങളുണ്ട്. ഇവരിൽ ആർക്കും മാലിന്യ നിക്ഷേപത്തിൽ പങ്കില്ലെന്ന് പറയാനാകാത്ത അവസ്ഥയാണ്. സമീപത്ത് ആരാധനാലയങ്ങൾ വരെയുണ്ട്. ആരാധനക്ക് എത്തുന്നവർക്കും മാലിന്യ നിക്ഷേപം ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ആലുവ - മൂന്നാൽ സംസ്ഥാന പാതയാണിത്. റോഡിന് ഒരു വശം കീഴ്മാട് ഗ്രാമപഞ്ചായത്തും മറുവശം ചൂർണിക്കരയുമാണ്. കീഴ്മാടിന്റെ അതിരിലാണ് നിക്ഷേപകേന്ദ്രം. പഞ്ചായത്തും മാലിന്യ നിക്ഷേപത്തിനെതിരെ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.

മഴവെള്ളം സമീപത്തെ കടകൾക്ക് മുമ്പിലേക്കാണ് ബസ് സ്റ്റോപ്പിലേക്കുമാണ് ഒലിച്ചെത്തുന്നത്. ഇത് പകർച്ചവ്യാധി ഭീഷണിക്കും കാരണമാണ്.