കൊച്ചി: വീടായാലും ഓഫീസായാലും പുത്തൻ പെയിന്റടിച്ച് ഭംഗിയായി സൂക്ഷിക്കാൻ കേമന്മാരാണ് മലയാളികൾ. പെയിന്റ് ഉപഭോഗത്തിൽ ദേശീയ ശരാശരിയേക്കാൾ മുന്നിലാണ് കേരളം. കേരളത്തിലെ കാലാവസ്ഥ വരെ പഠിച്ചാണ് കമ്പനികൾ അനുയോജ്യമായ പെയിന്റുകൾ വിപണിയിലിറക്കുന്നത്.
പെയിന്റ് നിർമ്മാതാക്കൾക്ക് പ്രിയങ്കരമാണ് കേരളമെന്ന് കമ്പനികളുടെ സംഘടനയായ ഇന്ത്യൻ പെയിന്റ് അസോസിയേഷൻ പ്രസിഡന്റ് മഹേഷ് എസ്. ആനന്ദ് പറഞ്ഞു. അസോസിയേഷന്റെ പ്രസിഡന്റാകുന്ന ആദ്യ മലയാളിയാണ് ഒറ്റപ്പാലം സ്വദേശിയും നിപ്പോൺ പെയിന്റ് ലിമിറ്റഡിന്റെ ഡെക്കറേറ്റീവ് ഡിവിഷൻ പ്രസിഡന്റുമായ മഹേഷ്.
ഇന്ത്യയിലെ പ്രതിശീർഷ പെയിന്റ് ഉപഭോഗം 3.5 കിലോയാണ്. കേരളത്തിൽ 5 കിലോയും. 50,000 കോടി രൂപയാണ് രാജ്യത്തെ വിറ്റുവരവ്. 1,500 കോടി രൂപ കേരളത്തിൽ നിന്നാണ്. അഞ്ചു വർഷം കൊണ്ട് വിറ്റുവരവിൽ രണ്ടിരട്ടി വർദ്ധന പ്രതീക്ഷിക്കുന്നു. ജി.എസ്.ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കിയതും വില്‌പന വർദ്ധിപ്പിക്കും.
ഒന്നോ രണ്ടോ വർഷങ്ങൾ കൂടുമ്പോൾ വീണ്ടും പെയിന്റടിക്കുന്നവരാണ് മലയാളികൾ. വൻകിട കെട്ടിടങ്ങൾ കൂടുതൽ നിർമ്മിക്കുന്നതും വില്‌പന വർദ്ധിപ്പിക്കുന്നു.
എല്ലാം കമ്പനികൾ ചെയ്യും
വില്പന മാത്രമല്ല, പെയിന്റടിക്കലും കമ്പനികൾ നേരിട്ട് ചെയ്യും. ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ പെയിന്റടിക്കാൻ പരിശീലനം ലഭിച്ച സംഘങ്ങളെ പ്രമുഖ നഗരങ്ങളിൽ കമ്പനികൾ നിയോഗിച്ചിട്ടുണ്ട്.
എൻ ശക്തി കേരളത്തിലും
വനിതാ സംഘങ്ങൾക്ക് പരിശീലനം നൽകി പെയിന്റിംഗ് ജോലി നൽകുന്ന എൻ (എന്റെ) ശക്തി പദ്ധതി തിരുവനന്തപുരം, കൊച്ചി എന്നിവടങ്ങളിൽ അടുത്ത വർഷം നടപ്പാക്കും. ചെന്നൈയിൽ നിപ്പോൺ തുടക്കമിട്ട എൻ ശക്തി പദ്ധതിയിൽ നൂറിലേറ അംഗങ്ങളുണ്ട്.