കൊച്ചി: 28 വർഷമായി താമസിക്കുന്ന ഒന്നര സെന്റ് സ്ഥലത്തിനായി രണ്ടര ലക്ഷത്തോളം രൂപ കൈപ്പറ്റിയിട്ട് സി.ഐ.ടി.യു തൊഴിലാളിയുടെ ശൗചാലയം നിൽക്കുന്ന സ്ഥലം മറിച്ചുവിറ്റ ജി.സി.ഡി.എ എസ്റ്റേറ്റ് ഓഫീസർക്ക് എതിരെ നടപടി എടുക്കണമെന്ന് ബി.ഡി.ജെ.എസ് പനമ്പിള്ളി നഗർ ഡിവിഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മഹാത്മാനഗറിലെ പത്തോളം കുടുബങ്ങളിൽ നിന്ന് പണം സ്വീകരിച്ചിട്ട് അവരെയെല്ലാം ജി.സി.ഡി.എ കബളിപ്പിക്കുകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി.സതീശൻ പറഞ്ഞു. ഈ വിഷയത്തിൽ കോളനി നിവാസികളെ അണിനിരത്തി ശക്തമായ സമരപരിപാടികൾ നടത്താനും യോഗം തീരുമാനിച്ചു. ഡിവിഷൻ കൺവീനർ ബിമൽ റോയി അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സമോദ് കൊച്ചുപറമ്പിൽ, ഷനൽകുമാർ തുടങ്ങിയവർ സംസാരിച്ചു.