ആലുവ: കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ വിലക്കുന്ന കീഴ്വഴക്കം സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യാർ പുൽപ്പാട്ട് പറഞ്ഞു. ആലുവയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവിഷ്കാര സ്വാതന്ത്ര്യം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതോടൊപ്പം എല്ലാത്തിനും അതിർവരമ്പുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലളിതകലാ അക്കാദമി അവാർഡിനായി പരിഗണിച്ച കാർട്ടൂൺ അതിർവരമ്പുകൾ ലംഘിച്ചതാണോയെന്ന ചോദ്യത്തിന് മറുപടി നൽകാതെ അദ്ദേഹം ഒഴിഞ്ഞുമാറി.
കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിലുളള സംസ്ഥാന അമേച്വർ നാടകമത്സരത്തിൻെറ ദക്ഷിണമേഖലാ മത്സരം ജൂൺ 24ന് വൈകിട്ട് 5.30 ന് സംഗീത നാടക അക്കാദമി അധ്യക്ഷ കെ.പി.എ.സി ലളിത നാടകോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യാർ പുൽപ്പാട്ട് പത്രസമ്മേളനത്തിൽ അറിയിച്ചു.
24 മുതൽ 29 വരെയായി ആലുവ ടാസ് ഹാളിൽ ആറ് നാടകങ്ങൾ മാറ്റുരയ്ക്കും. തിരഞ്ഞെടുക്കുന്ന മൂന്ന് നാടകങ്ങൾ തൃശൂരിൽ നടക്കുന്ന അവസാനഘട്ട മത്സരത്തിലേക്ക് പരിഗണിക്കും. എല്ലാ ദിവസവും വൈകിട്ട് 6.45 നാണ് മത്സരം അരങ്ങേറുക. കാണുന്നതിനുള്ള പ്രവേശനം സൗജന്യമാണ്. സർഗാത്മകരവും സാങ്കേതികവുമായ നൂതന പരിണാമങ്ങൾ ഉൾക്കൊണ്ട് അമേച്വർ നാടകങ്ങൾ കരുത്തുറ്റ രംഗാവിഷ്‌കാരമായി മാറിയിട്ടുണ്ട്. പല നാടകങ്ങളിലും അമ്പത് നടന്മാർ വരെ ഒരേ സമയം വേദിയിലെത്തും..