പറവൂർ : പറവൂർ താലൂക്ക് ആശുപത്രിയിൽ ഒ.പി വിഭാഗം ടോക്കൻ സംവിധാനം നിലച്ചതോടെ രോഗികൾ ക്യൂവിൽ നിന്നു ബുദ്ധിമുട്ടുന്നു. ആശുപത്രിയിൽ പല സേവനങ്ങൾ നിലച്ചിട്ട് മാസങ്ങളായിട്ടും നഗരസഭ യാതൊന്നു ചെയ്യുന്നില്ലെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഏറ്റവും കൂടുതൽ രോഗികൾ എത്തുന്ന ഒ.പി വിഭാഗത്തിന് മുന്നിൽ പ്രായമുള്ളവും അംഗപരിമിതരുമടക്കം നീണ്ട ക്യൂ നിൽക്കുന്നതും സെക്യൂരിറ്റി ജീവനക്കാരുമായി തർക്കമുണ്ടാകുന്നതും പതിവാണ്. അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങളെയും ഇത് ബാധിക്കുന്നുണ്ട്. കേരളത്തിലെ സർക്കാർ ആശുപത്രികൾ മികച്ച സേവനവും വികസനവും മുന്നേറുമ്പോൾ പറവൂർ താലൂക്ക് ആശുപത്രി നഗരസഭയുടെ ജാഗ്രതകുറവു മൂലം പരാധീനതകളുടെ നടുവിലാണ്. രോഗികൾ ആവശ്യമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിലുള്ള വീഴ്ചകൾ പരിഹരിച്ചില്ലെങ്കിൽ ശക്തമായ യുവജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ പറവൂർ ബ്ളോക്ക് പ്രസിഡന്റ് വി.എസ്. ശ്രീജിത്ത്, സെക്രട്ടറി വി.യു. ശ്രീജിത്ത് എന്നിവർ പറഞ്ഞു.