മൂവാറ്റുപുഴ: അന്താരാഷ്ട്രയോഗ ദിനാചരണത്തിനായി പ്രത്യേക അസംബ്ലിക്ക് നടന്നുപോകുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി അദ്ധ്യാപികയ്ക്കും പത്ത് കുട്ടികൾക്കും പരിക്കേറ്റു. മൂവാറ്റുപുഴ കടാതി വളക്കുഴി റോഡിലുള്ള വിവേകാനന്ദ സ്‌കൂളിൽ ഇന്നലെ രാവിലെ 8.45 ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അദ്ധ്യാപിക രേവതിയെ (27) കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികളായ ഗംഗ കെ.എസ് (12), വിസ്മയ വിനയകുമാർ (12), ദേവിക രാജേഷ് (12), അമിത അനിൽ (12), ആർദ്ര വിമൽ (12), അർച്ചന രാജേഷ് (12), ദേവിക അജി (12), കാർത്തിക. ജി (12), അനന്ദു കുറുപ്പ് (12), ഹരിഗോവിന്ദ് (12), അദ്വൈത് അനിരുദ്ധ് (12) എന്നിവർക്കും നിസാര പരിക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ച് പ്രാഥമികചികിത്സ നൽകി വിട്ടയച്ചു.
സ്‌കൂളിലെ അക്കാഡമിക് ഡയറക്ടറുടെ കാറാണ് അപകടം വരുത്തിയത്. യോഗ പരിശീലനത്തിനുവേണ്ടി കുട്ടികളെ ക്ലാസിൽനിന്നിറക്കി പരിശീലന കേന്ദ്രത്തിലേക്ക് പോകുമ്പോൾ സ്‌കൂളിലേക്ക് വരികയായിരുന്ന അക്കാഡമിക് ഡയറക്ടറുടെ കാർ ഒരു കുട്ടിയുടെ ദേഹത്ത് മുട്ടി. തുടർന്ന് നിയന്ത്രണം വിട്ട കാർ കൂടിനിന്ന വിദ്യാർത്ഥികളുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കാർ വരുന്നതുകണ്ട് കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ അദ്ധ്യാപികയെ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
സംഭവത്തെത്തുടർന്ന് ആർ.ടി.ഒ റെജി പി. വർഗീസ്, മൂവാറ്റുപുഴ ആർ.ഡി.ഒ ആശ എബ്രഹാം, ഡി.ഇ.ഒ ഇ. പത്മകുമാരി എന്നിവർ സ്കൂളിലെത്തി അന്വേഷണം നടത്തി. മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.