സംസ്ഥാന സമ്മേളനം 24 മുതൽ ആലുവയിൽ
ആലുവ: സംസ്ഥാന വയോജന കമ്മീഷൻ രൂപീകരിക്കണമെന്ന് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഹനീഫ റാവുത്തറും ജനറൽ കൺവീനർ കെ.എൻ.കെ. നമ്പൂതിരിയും ആവശ്യപ്പെട്ടു. . വയോജന മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി കൗൺസിൽ പുനസംഘടിപ്പിക്കണം.
മറ്റ് പെൻഷനുകളൊന്നും കിട്ടാത്തവർക്ക് 3500 രൂപ പെൻഷൻ നൽകാൻ സർക്കാർ തയ്യാറാകണം. ക്ഷേമനിധി പെൻഷൻ ലഭിക്കുന്നവർക്ക് വാർദ്ധക്യകാല പെൻഷൻ 600 രൂപയായി വെട്ടിക്കുറക്കാനുള്ള നീക്കം തെറ്റാണ്. വൃദ്ധസദനങ്ങൾ കച്ചവടത്തിന്റെയും ചൂഷണത്തിന്റെയും കേന്ദ്രമാണ്. സർക്കാർ ഉടമസ്ഥതയിൽ കമ്മ്യൂണിറ്റി ലിവിംഗ് സെന്ററുകളാണ് ആവശ്യമെന്നും ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാന സമ്മേളനം 24 മുതൽ
സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിൻെറ ഒമ്പതാമത് സംസ്ഥാന സമ്മേളനം ജൂൺ 24മുതൽ 26 വരെ ആലുവ പ്രിയദർശിനി ടൗൺ ഹാളിൽ നടക്കും. 24ന് സംസ്ഥാന കൗൺസിൽ യോഗം. വൈകിട്ട് നാലിന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സാംസ്‌കാരിക സമ്മേളനം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. 25ന് രാവിലെ 10.30ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എൻ. അനന്തകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.
സർവീസ് കൗൺസിൽ ഭാരവാഹികളായ പി.ജെ. സെബാസ്റ്റ്യൻ, ടി. വേലായുധൻ, കെ.എം. പീറ്റർ, ജേസഫ് കുരിശുംമൂട്ടിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.