കൊച്ചി: എ.ടി.എ കാർനെറ്റ് കയറ്റുമതി ഇറക്കുമതി മേഖലയിലുള്ളവർക്കും വാണിജ്യ വ്യവസായ സമൂഹത്തിനും മുന്നിൽ തുറന്നു തരുന്ന വിപുലമായ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് സെൻട്രൽ ടാക്‌സ്, സെൻട്രൽ എക്‌സൈസ് ആൻഡ് കസ്റ്റംസ് ചീഫ് കമ്മിഷണർ പുല്ലേല നാഗേശ്വരറാവു പറഞ്ഞു. എ.ടി.എ കാർനെറ്റിനെക്കുറിച്ച് ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കസ്റ്റംസ് ഡ്യൂട്ടിയില്ലാതെ നിശ്ചിത കാലത്തേക്ക് സാധനങ്ങൾ വിദേശത്തേക്ക് കൊണ്ടുപോകാനും തിരിച്ചു കൊണ്ടുവരാനും അനുവാദം നൽകുന്ന താത്ക്കാലിക അനുമതിയായ എ.ടി.എ കാർനെറ്റ് വിവിധ മേഖലകളിലുള്ളവർക്ക് പ്രയോജനപ്പെടുത്താൻ കഴിയും. എ.ടി.എ കാർനെറ്റ് സർട്ടിഫിക്കേഷൻ നൽകാൻ ഇന്ത്യയിൽ അധികാരപ്പെടുത്തിയിരിക്കുന്നത് ഫിക്കിയെയാണ്
ഫിക്കി സീനിയർ കൺസൾട്ടന്റ് പി.എസ്.പ്രുതി, ഫിക്കി അഡിഷണൽ ഡയറക്ടർ എസ്. വിജയലക്ഷ്മി എന്നിവർ വിഷയാവതരണം നടത്തി. കൊച്ചി സെസ് ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ.പിള്ള, കയർ എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ജനറൽ സജൻ ബി. നായർ, കൊച്ചി കസ്റ്റം ബ്രോക്കേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അലൻ ജോസ്, ഫിക്കി കോ ചെയർമാൻ ദീപക് എൽ അസ്വാനി, ഫിക്കി സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു എന്നിവർ പ്രസംഗിച്ചു.