കൊച്ചി: മോട്ടോർ വാഹനവകുപ്പും കൊച്ചി കിൻഡർ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ആക്സിഡന്റ് ആൻഡ് എമർജൻസി കെയർ വിഭാഗവും സംയുക്തമായി മഴക്കാല റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി 'ആകസ്മിക 2019' സംഘടിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചക്കാലത്ത് റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിച്ചതായി മോട്ടോർ വാഹനവകുപ്പ് കണ്ടെത്തിയ ആളുകൾക്കും കൊച്ചി നഗരത്തിലെ വിവിധ കലാലയങ്ങളിലെ വിദ്യാർത്ഥികൾക്കുമായി കിൻഡർ ആശുപത്രിയിലെ ഡോക്ടർമാരും മോട്ടോർ വാഹന വകുപ്പിലെ വിദഗ്ദ്ധരും ചേർന്നാണ് ക്ളാസ് നയിച്ചത്. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ എം. സുരേഷ് പരിപാടി ഉദ്‌ഘാടനം ചെയ്‌തു.
'ആകസ്മിക 2019' ന്റെ ഭാഗമായി കിൻഡർ ആശുപത്രി അധികൃതർ വരും ദിവസങ്ങളിൽ മോട്ടോർ വാഹനവകുപ്പുമായി ചേർന്ന് 200ലധികം ഹെൽമെറ്റുകൾ അർഹരായവർക്ക് സൗജന്യമായി എത്തിച്ചു നൽകും. കിൻഡർ ആശുപത്രി മാനേജിംഗ് ഡയറക്ടർ പ്രവീൺകുമാർ, റോട്ടറി കൊച്ചിൻ മിഡ്ടൗൺ ഭാരവാഹികളായ സുബിൻ, ജോർജ് വളവി, കളമശേരി എസ്.സി.എം.എസ് കോളേജ് പ്രിൻസിപ്പൽ ഡോ.ജി.ശശികുമാർ .ഡോ.നിഷാന്ത് പോൾ, ഡോ. പ്രവീൺകുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്.പി. ബിജുമോൻ എന്നിവർ പങ്കെടുത്തു.