1
ഹോട്ടലുകളിൽ നിന്നും പിടിച്ചെടുത്ത പഴകിയ ഭക്ഷണപദാർത്ഥങ്ങൾ നഗരസഭയിൽ പ്രദർശിപ്പിച്ചിരിക്കുന്നു

തൃക്കാക്കര: ജില്ല ആസ്ഥാനത്തെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ 9 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു കാക്കനാട് , ചിറ്റേത്തുകര, ഇൻഫോപാർക്ക് പരിസരം തുടങ്ങിയ പ്രദേശങ്ങളിലെ ഹോട്ടലുകളിലാണ് ഇന്നലെ വെളുപ്പിന് ആറരമുതൽ ഒമ്പതുമണിവരെ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്.

ചിറ്റേത്തുകരയിലെ തക്കാളി റെസ്റ്റോറന്റിൽ നിന്ന് ദിവസങ്ങൾ പഴക്കമുള്ള ഇടിയപ്പം പിടികൂടി. ഇൻഫോപാർക്കിന് സമീപത്തെ അമർ കിച്ചൻ റെസ്റ്റോറന്റിൽ നിന്ന് പഴകിയ ചിക്കൻ, ബീഫ്, വറുത്ത ചിക്കൻ എന്നിവ കണ്ടെത്തി. കാക്കനാട് സീപോർട്ട് എയർ പോർട്ട് റോഡിലെ ഹോട്ടൽ അവാനി റസ്റ്റോറന്റിൽ നിന്ന് പഴകിയ ചിക്കൻ -ബീഫ് , ഷവർമ്മ,തുടങ്ങിയവയും ഇൻഫോപാർക്ക് പരിസരത്തെ നോവോട്ടൽ, ഒലിവ് ഇവ എന്നീ ഹോട്ടലുകളിൽ നിന്ന് ഫ്രൈഡ്റൈസിനായി സൂക്ഷിച്ചിരുന്ന പഴകിയ അരി പിടികൂടി. അമർ കിച്ചൻ, ബിരിയാണി ബെച്ചോളി, ചിലാക്സ് തുടങ്ങിയ ഹോട്ടലുകളിൽ നിന്ന് ദിവസങ്ങൾ പഴക്കമുള്ള ബീഫ് -ചിക്കൻ എന്നിവയും കുടംപുളി ഹോട്ടലിൽ നിന്ന് പഴകിയ ചിക്കൻ -ബീഫ് ,ചപ്പാത്തി തുടങ്ങിയവ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ഹോട്ടലുകളിൽ നിന്നും പിടിച്ചെടുത്ത ഭക്ഷണസാധനങ്ങൾ നഗരസഭയിൽ പ്രദർശിപ്പിച്ചു. ചെയർപേഴ്സൻ ഷീല ചാരുവിന്റെ നിർദേശപ്രകാരം സെക്രട്ടറി പി .എസ്. ഷിബു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വിജേഷ് കുമാർ, നിസാം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.