ആലുവ: എസ്.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖ വക ശ്രീ ശാരദാദേവി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം വിവിധ പരിപാടികളോടെ നടന്നു. ക്ഷേത്രം തന്ത്രിയും ശിവഗിരി മഠം തന്ത്രിയുമായ സുഗതൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി ഉമേഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിലായിരുന്നു പൂജാചടങ്ങുകൾ.

പുലർച്ചെ നാലിന് പള്ളിയുണർത്തലോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. തുടർന്ന് വിവിധ പൂജകൾ നടന്നു. ഉച്ചയ്ക്ക് നടന്ന പ്രസാദഊട്ടിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. വൈകിട്ട് ആഞ്ജനേയ ഭക്തജന സമിതിയുടെ നേതൃത്വത്തിൽ ഭജന, ദീപാരാധന, അത്താഴപൂജ എന്നിവയും നടന്നു. ശാഖാ പ്രസിഡന്റ് മനോഹരൻ തറയിൽ, വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ, സെക്രട്ടറി ശശി തൂമ്പായിൽ, യൂണിയൻ കമ്മിറ്റിഅംഗം സി.പി. ബേബി എന്നിവർ നേതൃത്വം നൽകി.