kaithari-ghupatt-
കുര്യാപ്പിള്ളി കൈത്തറി നെയ്ത്തു സഹകരണസംഘം രൂപകൽപ്പന ചെയ്ത ദുപ്പട്ടയുടെ ആദ്യവില്പന ചലച്ചിത്രതാരം മഞ്ജുവാര്യർ നിർവഹിക്കുന്നു.

പറവൂർ : പ്രളയത്തിൽ തകർന്ന കൈത്തറിയെ ഉയ‌ർത്തുന്നതിന്റെ ഭാഗമായി മൂത്തകുന്നം കുര്യാപ്പിള്ളി കൈത്തറി നെയ്ത്തു സഹകരണസംഘം ദുപ്പട്ട വിപണിയിലെത്തിച്ചു. നെയ്തെടുത്ത ദുപ്പട്ടയുടെ ആദ്യവില്പന ചലച്ചിത്രതാരം മഞ്ജുവാര്യർ നിർവഹിച്ചു, സാധാരണ കൈത്തറി സംഘങ്ങൾ ഡബിൾ മുണ്ടുകൾ, ഷർട്ടുകൾ, സാധാരണ സാരികൾ, സെറ്റ് സാരികൾ, ബഡ്ഷീറ്റ്, തോർത്ത് എന്നിവയാണ് നെയ്തെടുക്കുക.

സാധാരണ ഓണം, വിഷു ഉത്സവസീസണുകളിൽ സർക്കാർ റിബേറ്റ് പ്രഖ്യാപിക്കുമ്പോഴാണ് കൈത്തറിത്തുണികൾ കൂടുതലായി വിൽക്കുന്നത്. എന്നാൽ സ്ത്രീകൾ ചുരിദാറിനൊപ്പം ഉപയോഗിക്കുന്ന ദുപ്പട്ടയുടെ വില്പന ഏതു സീസണിലും നടക്കുമെന്ന് തിരിച്ചറിഞ്ഞാണ് വിപണിയിൽ ഇറക്കിയത്. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗോപാൽജി ഫൗണ്ടേഷൻ ദുപ്പട്ട നിർമ്മാണത്തിന് 50,000രൂപ സാമ്പത്തിക സഹായം സംഘത്തിന് നൽകി. പ്രളയത്തിൽ മുങ്ങി നാശമായ 16 തറികൾ പുനരുദ്ധരിക്കാൻ 10,000 രൂപ വീതവും ഫൗണ്ടേഷൻ സ്പോൺസർഷിപ്പിൽ നൽകിയിരുന്നു.

ഫൗണ്ടേഷൻ ഭാരവാഹികളായ രാജേഷ് രവി, ഡോ. പൂർണിമ നാരായണൻ, പ്രമോദ് ശങ്കർ, സി.കെ. നാസർ, സുമേഷ് പത്മൻ, സംഘം പ്രസിഡന്റ് ടി.എസ്. ഐഷ, സെക്രട്ടറി സി.എസ്. സരിത, പറവൂർ ചേന്ദമംഗലം കൈത്തറി സംഘം പ്രസിഡന്റ് ടി.എസ്. ബേബി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.