കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഏഴിക്കര പഞ്ചായത്ത് അംഗം ഇ.ആർ. സുനിൽ രാജിന് (40) എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രതിക്കെതിരായ ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്ന പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. സുനിൽരാജ് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. ഇതിനു പുറമേ പെൺകുട്ടിയും കുടുംബവും താമസിക്കുന്ന പൊലീസ് സ്റ്റേഷൻ പരിധിയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ പാടില്ല എന്നീ വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സി.പി.എമ്മിന്റെ ഏഴിക്കര നെട്ടായിക്കോടം ബ്രാഞ്ച് സെക്രട്ടറിയായ സുനിൽരാജിനെ സംഭവത്തെത്തുടർന്ന് പദവിയിൽ നിന്ന് നീക്കിയിരുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് സുനിൽരാജ്. കുട്ടിയുടെ പിതാവ് കുടുംബവുമായി അകൽച്ചയിലാണ്. പരാതിയെത്തുടർന്ന് പെൺകുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേട്ട് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു.