കൊച്ചി: മാലിന്യനീക്കവുമായി ബന്ധപ്പെട്ട് അധികാരികൾ ഏറെ പഴികേട്ടിരുന്ന തുഗ്ളക് പരിഷ്കാരം കൊച്ചി കോർപ്പറേഷൻ അവസാനിപ്പിക്കുന്നു. മാലിന്യത്തിന്റെ ഭാരം അനുസരിച്ച് നിരക്ക് നിശ്ചയിക്കുന്നതിന് പകരം ലോറികൾ ദിവസ വാടകയ്ക്കെടുക്കുന്ന പഴയ രീതിയിലേക്ക് മാറാനുള്ള ആരോഗ്യ സ്ഥിരംസമിതിയുടെ ശുപാർശ നാളെ (തിങ്കൾ) ചേരുന്ന കൗൺസിൽ യോഗം പരിഗണിക്കും. നഗരത്തിന്റെ കിഴക്ക് , പടിഞ്ഞാറൻ മേഖലകളിൽ നിന്നുള്ള മാലിന്യം ബ്രഹ്മപുരത്തെത്തിക്കുന്നതിനായി മുമ്പ് ലോറികൾ വാടകയ്ക്കെടുക്കുകയായിരുന്നു. നിത്യേന രണ്ട് ട്രിപ്പുകൾ വീതം നടത്തണമെന്ന നിർദേശം കരാറുകാർ ലംഘിച്ചതോടെ നാട് മുഴുവൻ മാലിന്യം കുമിഞ്ഞുകൂടി. ഇതേതുടർന്ന് മാലിന്യത്തിന്റെ ടണ്ണേജ് അനുസരിച്ച് കരാറുകാരന്റെ നിരക്ക് നിശ്ചയിക്കാൻ സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിനെ പ്രതിപക്ഷം ശക്തമായി എതിർത്തതോടെ യുക്തമായ മാർഗം കണ്ടെത്താനായി കൗൺസിൽ മൂന്നുദിവസം അടുപ്പിച്ച് യോഗം ചേർന്നെങ്കിലും ഫലമുണ്ടായില്ല. . തുടർന്ന് പരീക്ഷണാടിസ്ഥാനത്തിൽ ടണ്ണേജ് അനുസരിച്ചുള്ള കരാർ തുടരാൻ കൗൺസിൽ ഒറ്റക്കെട്ടായി തീരുമാനിച്ചു. 2017 മേയിലാണ് ഈ പരിഷ്കാരത്തിലേക്ക് മാറിയത്.
ടണ്ണേജ് പ്രകാരമുള്ള മാലിന്യനീക്കം ഭീമമായ സാമ്പത്തിക നഷ്ടം വരുത്തുന്നതിനാൽ കരാറിൽ വേണ്ട മാറ്റങ്ങൾ വരുത്തണമെന്ന് 2017-18 ലെ ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ചെലവ് മൂന്നിരട്ടിയായതോടെയാണ് ദിവസ വാടകയിനത്തിൽ വാഹനങ്ങൾ ലഭ്യമാക്കാൻ ആരോഗ്യസമിതി തീരുമാനിച്ചത്.
# ലോറി വാടകയിനത്തിൽ മുൻവർഷങ്ങളിൽ ചെലവഴിച്ചത്
2015- 16 ൽ 3. 22 കോടി
2016-17 ൽ 3.68 കോടി
പുതിയ സംവിധാനത്തിലേക്ക് മാറിയശേഷം
2017 -19 ൽ 11.64 കോടി
# നിബന്ധനകൾ
പുതിയ കരാറിനുള്ള ടെൻഡർ ക്ഷണിക്കുമ്പോൾ കിഴക്ക്, പടിഞ്ഞാറൻ മേഖലകൾക്ക് പ്രത്യേക ടെൻഡർ വിളിക്കും.
2008 നു ശേഷമുള്ള വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.
കരാറുകാരൻ ജൈവ, അജൈവ മാലിന്യങ്ങൾ പ്രത്യേകം വാഹനങ്ങളിൽ നീക്കം ചെയ്യണം.ഇത് ഒരുമിച്ച് ഒരു വാഹനത്തിൽ കൊണ്ടുപോകാൻ അനുവദിക്കില്ല
കവചിത വാഹനങ്ങൾ ഉപയോഗിക്കാതിരിക്കുക, മാലിന്യങ്ങൾ വഴിയിൽ വീഴുക, മലിനജലം പുറത്തേക്കു വരിക തുടങ്ങിയവ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളുടെ ഫലമായി കോർപ്പറേഷന് ഉണ്ടാകുന്ന മുഴുവൻ കഷ്ടനഷ്ടങ്ങളുടെയും ഉത്തരവാദിത്വം കരാറുകാരനായിരിക്കും.
മാലിന്യം കൊണ്ടുപോകുന്ന വഴിയിൽ റോഡിൽ മാലിന്യം വീണാൽ കരാറുകാരൻ സ്വന്തം ചെലവിൽ നീക്കം ചെയ്യണം.
മലിനജലം റോഡിൽ തെറിച്ചുവീഴാതെ സഴക്ഷിക്കുന്നതിനുള്ള സംവിധാനം കരാറുകാരൻ സ്വന്തം ചെലവിിൽ വാഹനത്തിൽ ഏർപ്പെടുത്തണം.
വാഹനങ്ങൾക്ക് പ്ളാന്റിൽ പാർക്കിംഗ് അനുവദിക്കില്ല
മാലിന്യനിക്ഷേപത്തിനു ശേഷം തിരികെ പോകുന്നതിന് മുമ്പ് നിർബന്ധമായും പ്ളാന്റിൽ വച്ചുതന്നെ വാഹനങ്ങൾ കഴുകി വൃത്തിയാക്കണം
കിഴക്കൻ മേഖലയ്ക്കായി കരാർ എടുക്കുന്ന ലോറികൾ ദിവസവും രണ്ട് ട്രിപ്പ് മാലിന്യമെങ്കിലും ബ്രഹ്മപുരത്ത് എത്തിക്കണം.
ഒരു വർഷത്തേക്കാണ് കരാർ കാലാവധി.