ആലുവ: അനാഥരും നിരാലംബരമായ കുട്ടികളുടെ സംരക്ഷണത്തിനായി രൂപീകൃതമായ എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമത്തിന് അഞ്ചര പതിറ്റാണ്ടിന്റെ സ്വർണത്തിളക്കം. 130 രാജ്യങ്ങളിലെ കുട്ടികൾക്ക് എസ്.ഒ.എസ് സംരക്ഷണം നൽകുന്നു. സ്ഥാപകനായ ആസ്‌ട്രേലിയൻ സ്വദേശി ഡോ. ഹെർമൻ മൈനറുടെ ജന്മശതാബ്ദിയും ഇന്ന് രാജ്യമെങ്ങും ആഘോഷിക്കും.
1964ൽ ഹരിദാബാദിലെ ഗ്രീൻ ഫിൽഡ്‌സിലാണ് ഇന്ത്യയിലെ ആദ്യത്തെ കുട്ടികളുടെ ഗ്രാമം സ്ഥാപിതമായത്.

ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി 32 എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമങ്ങളുണ്ട്. സംസ്ഥാനത്ത് എടത്തലയിലും തൃശൂരിലുമായി രണ്ടെണ്ണവും. എടത്തലയിൽ 15 വീടുകളിലായി 213 കുട്ടികളെയും തൃശൂരിൽ 17 വീടുകളിലായി 275 കുട്ടികളെയും സംരക്ഷിക്കുന്നു. എസ്.ഒ.എസിന്റെ സംരക്ഷണയിൽ വളർന്ന 38 ആൺകുട്ടികളടക്കം 158 പേർ ഇതിനകം വിവാഹിതരായി.

രണ്ടിടത്തും സ്ഥാപകന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നുണ്ട്. എടത്തല എസ്.ഒ.എസ് ഗ്രാമത്തിൽ ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന ആഘോഷപരിപാടികളിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ പി. സുരേഷ് മുഖ്യാതിഥിയായിരിക്കും. ജില്ലാ ഓഫീസർ കെ.ബി. സൈന അദ്ധ്യക്ഷത വഹിക്കും. കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഓഫീസർ പ്രസാദ് കെ. പണിക്കർ, ഡോ. സി. ലിബിൻ, സി. ശ്രീകുമാർ, എൻ. ജഗദീഷ് കുമാർ എന്നിവർ സംസാരിക്കും.